ഷുഹൈബ് വധം: കണ്ണൂരില്‍ സിബിഐ അന്വേഷിക്കുന്ന അഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകം

Update: 2018-05-27 04:59 GMT
ഷുഹൈബ് വധം: കണ്ണൂരില്‍ സിബിഐ അന്വേഷിക്കുന്ന അഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകം
Advertising

അഞ്ച് കേസുകളിലും പ്രതിസ്ഥാനത്തുളളത് സിപിഎമ്മാണ്.

കണ്ണൂര്‍ ജില്ലയില്‍ സിബിഐ അന്വേഷിക്കുന്ന അഞ്ചാമത് രാഷ്ട്രീയ കൊലപാതകമാണ് എടയന്നൂരിലെ ഷുഹൈബ് വധം. അഞ്ച് കേസുകളിലും പ്രതിസ്ഥാനത്തുളളത് സിപിഎമ്മാണ്. രണ്ട് കേസുകളില്‍ സിപിഎം ജില്ലാ സെക്രട്ടറി തന്നെ പ്രതിപ്പട്ടികയിലെത്തിയപ്പോള്‍ ഒന്നില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അടക്കമുള്ളവര്‍ പ്രതികളായി. അഞ്ചാമത്തെ കേസിലും ആരോപണത്തിന്‍റെ മുന നീളുന്നത് സിപിഎം ജില്ലാ നേതൃത്വത്തിന് നേരെയാണ്.

Full View

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം നടന്ന ആദ്യ കേസായിരുന്നു ഫസല്‍ വധക്കേസ്. 2006 ഒക്ടോബര്‍ 22നാണ് തലശേരിയില്‍ സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേർന്ന മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ കേസിൽ പ്രതികളാണെന്ന് സിബിഐ കണ്ടെത്തി.

2008ലെ ഇരിട്ടിയില്‍ കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ സൈനുദ്ദീന്റെ വധത്തില്‍ മാതാവ് സുബൈദ നല്‍കിയ ഹരജിയിലാണ് രണ്ടാമതായി സിബിഐ സംഘം കണ്ണൂരിലെത്തിയത്. ഈ കേസില്‍ സിപിഎമ്മിന്‍റെ ഏഴ് പ്രാദേശിക നേതാക്കള്‍ കുറ്റക്കാരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2012 ഫെബ്രുവരി 20ന് കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിന്റെ കേസും സിബിഐയുടെ കൈയിലാണ്. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ 2012 ഓഗസ്റ്റ് ഒന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഏറ്റെടുത്ത സിബിഐയും ജയരാജന്‍റെ പങ്ക് സ്ഥിരീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഈ കേസില്‍ അന്വേഷണം തുടരുകയാണ്. 2014 സെപ്തംബറില്‍ കൊല്ലപ്പെട്ട കതിരൂര്‍ മനോജ് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് പി ജയരാജന്‍.

കേസില്‍ യുഎപിഎ നിയമത്തിലെ 18ആം വകുപ്പ് ചുമത്തി ജയരാജനെതിരെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം 2017 സെപ്തംബറില്‍ കോടതി ഫയലില്‍ സ്വീകരിച്ചു. അഞ്ചാമത്തെ രാഷ്ട്രീയ കൊലപാതക കേസിലും സിബിഐ അന്വേഷണം തുടങ്ങാനിരിക്കെ ആരോപണത്തിന്‍റെ മുന നീളുന്നത് സിപിഎം ജില്ലാ നേതൃത്വത്തിന് നേരെയാണ് എന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

Tags:    

Similar News