വരാപ്പുഴ കസ്റ്റഡി മരണം കൊലക്കേസാക്കി
നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണ സംഘം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം കൊലക്കേസാക്കി മാറ്റി. നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കേസിൽ ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നാണ് വിവരം. അതേസമയം കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ശ്രീജിത്തിന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്നും, മരണകാരണം അതാണെന്നുമാണ് അന്വേഷണസംഘത്തിന്റെയും നിലപാട്. എന്നാൽ മരണത്തിന് കാരണമായ മര്‍ദ്ദനം നടത്തിയത് ആരെന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.
ശ്രീജിത്തിന്റേത് കസ്റ്റഡി മരണം അല്ലെന്നും കൊലപാതകമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മരണകാരണമായ മർദ്ദനം നടത്തിയത് ആരെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിൽ ആരെയും പ്രതിചേർത്തിട്ടുമില്ല. ഇതോടെ പൊലീസുകാര്‍ അടക്കം ആരുടെയും അറസ്റ്റ് ഉടനുണ്ടാകില്ല എന്ന് ഉറപ്പായി. ശ്രീജിത്തിനൊപ്പം അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കും.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സുരേഷ്, സുമേഷ്, ജിതിൻ രാജ് എന്നി മൂന്ന്ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഏറെ വൈകിയാണ് ഇന്നലെ വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്നാണ് നിർദ്ദേശം. കൊല്ലപ്പെട്ട ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ തങ്ങൾ മഫ്ത്തിയിലായിരുന്നുവെന്നും, ബൂട്ട് ധരിച്ചിരുന്നില്ലെന്നുമാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ വാദം. തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നുള്ള നിലപാടിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ പിൻമാറാൻ തയ്യാറാകാത്തതാണ് കസ്റ്റഡി മരണത്തെ കൊലക്കുറ്റമാക്കി മാറ്റി റിപ്പോർട്ട് സമർപ്പിക്കാൻ കാരണമെന്നാണ് സൂചന.