നമ്മുടെ കാലത്തെ കുട്ടികളനുഭവിക്കുന്ന വേദനകളുമായി മുനീര്‍ അഗ്രഗാമി
മുനീറിന്റെ ചിത്രപ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍
കവിയായും ചിത്രകാരനായും പേരെടുത്തയാളാണ് കോഴിക്കോട് ഉള്ള്യേരി സ്വദേശി മുനീര്‍ അഗ്രഗാമി. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ മുനീർ നടത്തുന്ന ചിത്ര, കവിതാ പ്രദര്‍ശനം ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. 'ചില്‍ഡ്രന്‍ ഓഫ് അവര്‍ ടൈംസ്' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ സമകാലിക ലോകത്ത് കുട്ടികളനുഭവിക്കുന്ന വേദനയാണ് പ്രമേയം.
അതിരുകളില്ലാത്ത ആകാശവും ഭൂമിയും സ്വപ്നം കണ്ട് തുള്ളിച്ചാടി നടക്കുന്നതിനിടെ പെട്ടെന്നാരാണ് ഈ കമ്പിവേലി ഇവിടെ കൊണ്ടുകെട്ടിയത്..? ആദിവാസി ഭൂമി വളച്ചുകെട്ടിയെടുക്കുമ്പോള്‍ നഷ്ടമാകുന്ന ഇത്തരം നൂറുനൂറു സ്വപ്നങ്ങളുടെ വിങ്ങലും അമ്പരപ്പുമാണ് ഈ കൊച്ചു കുട്ടിയുടെ കണ്ണുകള്‍ നിറയെ. ഇത്തരത്തില്‍, സമകാലിക ലോകത്ത് കുട്ടികളനുഭവിക്കുന്ന വേദനകളാണ് മുനീര്‍ അഗ്രഗാമി എന്ന കോഴിക്കോട് ഉള്ള്യേരി സ്വദേശിയുടെ കവിതകളും ചിത്രങ്ങളും നിറയെ.
ഇതിനകം നാല് കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുള്ള മുനീര്‍ അഗ്രഗാമിയുടെ ഏഴാമത്തെ ചിത്രപ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നത്. നമ്മുടെ കാലത്തെ കുട്ടികള്‍ എന്നാണ് പ്രദര്‍ശനത്തിന് നല്‍കിയ പേര്. മുനീര്‍ വരക്കുന്ന ചിത്രങ്ങളെല്ലാം മുമ്പ് താന്‍ തന്നെ എഴുതിയ കവിതകളുടെ ചിത്രാവിഷ്കാരമാണ് എന്നതാണ് ഈ കലാകാരനെ വേറിട്ടതാക്കുന്നത്.