ജിഷ വധക്കേസ്: എത്തുംപിടിയുമില്ലാതെ പുതിയ അന്വേഷണസംഘം
പെരുമ്പാവൂര്‍ ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ പൊലീസ് സംഘത്തിനും കാര്യമായ അന്വേഷണ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
പെരുമ്പാവൂര്‍ ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ പൊലീസ് സംഘത്തിനും കാര്യമായ അന്വേഷണ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ജിഷയുമായി ബന്ധമുള്ളയാളെന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം നേര്യമംഗലത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളെയും പൊലീസ് വിട്ടയച്ചു. പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടുപടിയും പരാജയപ്പെട്ടു.
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട് ഒന്നര മാസം പിന്നിട്ടു. പഴയ അന്വേഷണ സംഘം മാറി പുതിയ സംഘം വന്നു,. എന്നിട്ടും കൊലപാതകിയെ കുറിച്ച് ഇതു വരെയും വ്യക്തമായ ധാരണ പൊലീസിനില്ല. പുതിയ അന്വേഷണ സംഘത്തെ നയിക്കുന്ന എഡിജിപി ബി സന്ധ്യ ചുമതലയേറ്റെടുത്തിട്ട് രണ്ടാഴ്‍ച്ച പിന്നിട്ടു. ഇതിനിടയില്‍ അന്യ സംസ്ഥാന തൊഴിലാളികളെയും ജിഷയുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല. ജിഷ മരിച്ച ദിവസം കോതമംഗലത്തിന് പോയിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നേര്യമംഗലത്ത് നിന്ന് അറസ്റ്റിലായ ആളെയും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയാണുണ്ടായത്. പൊതു ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പെരുമ്പാവൂര്‍ ബസ്‍ സ്റ്റാന്‍ഡിലും പരിസരങ്ങളിലും പെട്ടികള്‍ സ്ഥാപിച്ചെങ്കിലും ആരും സഹകരിച്ചില്ല, ജിഷയുടെ ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനക്ക് ഹൈദരാബാദിലേക്കയച്ചിരിക്കുകയാണ്. പരിശോധന റിപ്പോര്‍ട്ടില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.