ഒറ്റ ക്ലാസ്‍മുറിയില്‍ ഒരു സ്കൂള്‍
ഈ മാസം മുപ്പതിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ ഈ മുറി ഒഴിഞ്ഞുകൊടുക്കേണ്ടി വരും.
കോഴിക്കോട് കാരപ്പറമ്പിലുള്ള സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കെട്ടിടം അപകടാവസ്ഥയിലായതോടെ സമീപത്തെ ഹയര്‍സെക്കണ്ടറി സ്കൂളിലേക്ക് എല്‍ പി സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റി. എന്നാല്‍ സ്കൂള്‍ അടച്ചുപൂട്ടില്ലെന്നും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരുമെന്നുമാണ് അധ്യാപകരുടെ പ്രതീക്ഷ.
ഈ മാസം ആറിനാണ് കാരപ്പറമ്പ് എല്‍ പി സ്കൂള്‍, സമീപമുള്ള ഹയര്‍സെക്കണ്ടറി സ്കൂളിലേക്ക് മാറ്റിയത്. സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മാറ്റം. ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒറ്റ ക്ലാസ്മുറിയിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പതിനാല് കുട്ടികളും നാല് അധ്യാപകരും രണ്ടു ജീവനക്കാരും ഓഫീസും എല്ലാം ഒരു ക്ലാസ്മുറിയില്‍.
ഈ മാസം മുപ്പതിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ ഈ മുറി ഒഴിഞ്ഞുകൊടുക്കേണ്ടി വരും. കോമ്പൌണ്ടില്‍ തന്നെയുള്ള ഹൈസ്കൂള്‍ കെട്ടിടത്തിലായിരിക്കും പിന്നീട് പ്രവര്‍ത്തനം. നാല്പത്തിരണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് സ്കൂള്‍. നൂറ്റിയന്പതോളം കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിന്‍റെ കെട്ടിടം തകര്‍ച്ചാഭീഷണിയിലായതോടെയാണ് എണ്ണം കുറഞ്ഞത്.
എന്നാല്‍ സ്കൂളിന് പുതിയ കെട്ടിടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രംഗത്തുള്ളവര്‍ ഇനിയും ഈ സര്‍ക്കാര്‍ സ്കൂളിന്റെ കാര്യത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല.