എന്‍ഡോസള്‍ഫാന്‍ സെല്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നീക്കം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ സെല്ലാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ സെല്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ആരോപണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ സെല്ലാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സെല്ല് രൂപീകരിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് പരിഷ്കരിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ ചെയര്‍മാനാക്കി. സാമൂഹ്യസംഘടനാ പ്രതിനിധികളെ മാറ്റി രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കളെ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എല്‍ഡിഎഫിന് ഭരണമുണ്ടായിരുന്ന ജില്ലാപഞ്ചായത്ത് പ്രതിനിധിയെ ഒഴിവാക്കിയത് വലിയതോതില്‍ ചര്‍ച്ചയായിരുന്നു. പക്ഷേ പിന്നീടൊരു പുനസംഘടനയുണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സെല്ല് പുനസംഘടിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. എന്നാല്‍ ഈ സെല്ലിന്റെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാനാക്കുന്നതിനോട് ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വത്തിന് ഇപ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ട്. മന്ത്രി ചെയര്‍മാനായി തുടരുന്നതിന് സര്‍ക്കാറിനും താല്‍പര്യമില്ല. ജില്ലാകലക്ടറെ അധ്യക്ഷനാക്കി പുതിയ സെല്ല് രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.