വിശക്കുന്നവര്‍ക്ക് വേണ്ടി അഞ്ചപ്പം ട്രസ്റ്റ്
അന്നവും അക്ഷരവും ആദരവോടെയെന്ന സന്ദേശം ആപ്തവാക്യം
വിശക്കുന്നവര്‍ക്ക് വേണ്ടി ഒരുപറ്റം ആളുകള്‍ ഒത്തുചേര്‍ന്നപ്പോള്‍ രൂപമെടുത്ത അഞ്ചപ്പം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. അന്നവും അക്ഷരവും ആദരവോടെയെന്ന സന്ദേശം ആപ്തവാക്യമായെടുത്താണ് അഞ്ചപ്പം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴഞ്ചേരിയില്‍ ആരംഭിച്ച അഞ്ചപ്പം ട്രസ്റ്റിന്റെ ആദ്യ ഭക്ഷണശാല ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
അഞ്ചപ്പം, അയ്യായിരംപേരുടെ വിശപ്പകറ്റിയ അത്ഭുതമായി അവതരിച്ച ബൈബിള്‍ സന്ദര്‍ഭത്തെ പിന്‍പറ്റിയാണ് അഞ്ചപ്പം ട്രസ്റ്റിന്റെ പിറവി. പ്രഭാഷകനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടിക്കാട് വിഭാവനം ചെയ്ത ആശയത്തോടൊപ്പം വിവിധ മേഖലകളില്‍ നിന്നുള്ള ഒരുകൂട്ടമാളുകളും ചേര്‍ന്നതോടെ ട്രസ്റ്റ് യാഥാര്‍ഥ്യമാവുകയായിരുന്നു.
നല്ലമനസോടെ അന്നം പങ്കുവെക്കാന്‍ തയ്യാറാകുന്നവര്‍ക്കെല്ലാം ട്രസ്റ്റിന്റെ ഭാഗമാകാം. കുറഞ്ഞവിലയിലും ഒപ്പം സൗജന്യമായും ഭക്ഷണം കരുതലോടെ പങ്കുവെയ്ക്കുകയെന്ന ആശയമാണ് ട്രസ്റ്റ് നടപ്പാക്കുന്നത്. സംവിധായകന്‍ ബ്ലസിയും അഞ്ചപ്പത്തിന് പിന്തുണയുമായെത്തി.
നല്ല മനസുകള്‍ ഒത്തുചേര്‍ന്ന് നിന്നാല്‍ അഞ്ചപ്പം, വിശപ്പിന്റെ വിളിക്ക് പ്രത്യുത്തരമാകുന്ന അക്ഷയപാത്രമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ