വരും ദിവസങ്ങളില്‍ കേരളം ചുട്ടുപൊള്ളും
ഏപ്രില്‍ പത്തിന് ശേഷമേ വേനല്‍ മഴ ലഭിക്കുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏപ്രില്‍ പത്തിന് ശേഷം മാത്രമേ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുള്ളൂ. എല്‍ നിനോ പ്രതിഭാസവും, ആഗോളതാപനവുമാണ് താപനില കൂടാന്‍ കാരണമായി ശാസ്ത്രജ്ഞര്‍ പറയുന്നത്.
സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. ഇന്നലത്തെ താപനില 40.7 ഡിഗ്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട ദിവസത്തെ താപനില 35.9 ഡിഗ്രിയായിരുന്നുവെന്ന് ഓര്‍ക്കണം. വരും ദിവസങ്ങളില്‍ ഇനിയും ചുട്ടുപൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
41.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ 1987-ലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ 26 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്നതും ചൂട് കൂടാനുള്ള കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. ഏപ്രില്‍ പത്തിന് ശേഷം വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ കാലവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ വലിയ തോതില്‍ മനുഷ്യരേയും, പ്രക്യതിയേയും ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.