വികസന രംഗത്തെ ഇരവിപേരൂര്‍ മാതൃക ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 2016 എഡിഷനിലെ വികസനം എന്ന അധ്യായത്തിലാണ് ഇരവിപേരൂര്‍ പഞ്ചായത്ത് സ്വന്തം പേര് എഴുതി ചേര്‍ത്തത്.
വികസന രംഗത്തെ ഇരവിപേരൂര്‍ മാതൃക ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 2016 എഡിഷനിലെ വികസനം എന്ന അധ്യായത്തിലാണ് ഇരവിപേരൂര്‍ പഞ്ചായത്ത് സ്വന്തം പേര് എഴുതി ചേര്‍ത്തത്. ഗ്രാമീണ മേഖലയില്‍ നടപ്പാക്കിയ തനത് വികസന മാതൃകാ പദ്ധതികള്‍ പരിഗണിച്ചാണ് അംഗീകാരം.
പത്തനംതിട്ടയിലെ ഇരവിപേരൂര്‍ പഞ്ചായത്തിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ എന്താണെ് കാര്യമെന്ന് ചോദിക്കരുത്. അത്രക്കുണ്ട് ഈ ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങള്‍. ഇന്ത്യയില്‍ ആദ്യമായി ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ സൌജന്യ വൈഫൈ ലഭ്യമാക്കിയ ഗ്രാമ പഞ്ചായത്ത്. പ്രധാനമന്ത്രിയുടെ പൊതുഭരണ അവാര്‍ഡിനര്‍ഹമായ ആദ്യ പഞ്ചായത്ത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിന് മാതൃകയായി തിരഞ്ഞെടുത്ത കുടിവെള്ള , മാലിന്യ സംസ്കരണ പദ്ധതികള്‍ എന്നിങ്ങനെ നീളുന്നു ഇരവിപേരൂരിന്റെ നേട്ടങ്ങള്‍. ഇവയെടുത്തു പറഞ്ഞാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം ഇരവിപേരൂരിനെ തേടിയെത്തിയത്.
ഇ-ഗവേണന്‍സ് ഉള്‍പെടെയുള്ള ഭരണ നേട്ടങ്ങള്‍ പരിഗണിച്ചാണ് നേരത്തെ പഞ്ചായത്തിന് പ്രധാന മന്ത്രിയുടെ പൊതു ഭരണ അവാര്‍ഡ് ലഭിച്ചത്. ഇരവിപേരൂരിലെ പദ്ധതികളുടെ പ്രായോഗിക പഠനത്തിന് കേന്ദ്രം സ്ഥാപിക്കണമെന്ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ മാതൃകാ ഗ്രാമത്തിലെ പദ്ധതികള്‍ നേരിട്ടറിഞ്ഞ് പഠിക്കാനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ദിനേന സര്‍ക്കാര്‍ സന്നദ്ധ സംഘടനാ പ്രതിനിധികളെത്തുന്നുണ്ടെങ്കിലും സ്വന്തം നാട്ടിലെ അധികൃതരാരും ഇതൊന്നും അറിഞ്ഞ മട്ടില്ല. എന്നാല്‍ ഈ അവഗണനയൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി.