കേരളവര്‍മ്മ കോളജ് ഹോസ്റ്റലിലെ മാംസാഹാര വിലക്കിനെതിരെ സമരം
തൃശൂര്‍ ശ്രീ കേരള വര്‍മ കോളജിലെ വനിതാ ഹോസ്റ്റലില്‍ മാംസാഹാരങ്ങള്‍ പുറത്തുനിന്ന് കൊണ്ട് വരുന്നിന് പോലും വിലക്ക് ഏര്പെടുത്തിയിട്ടുണ്ട്
തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാംസാഹാര വിലക്കിനെതിരെ സമരം. മൂന്നരക്ക് അധ്യയനം അവസാനിച്ചാല്‍ അരമണിക്കൂറിനകം ഹോസ്റ്റലില്‍ കയറണം, മൊബൈല് ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ നിയമങ്ങളും ഹോസ്റ്റലില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ സമരം തുടങ്ങി.
തൃശൂര്‍ ശ്രീ കേരള വര്‍മ കോളജിലെ വനിതാ ഹോസ്റ്റലില്‍ മാംസാഹാരങ്ങള്‍ പുറത്തുനിന്ന് കൊണ്ട് വരുന്നിന് പോലും വിലക്ക് ഏര്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോളജിന് പുറത്തുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാംസാഹാരം നല്‍കുന്നുണ്ട്. കോളജിനകത്തെ വിഗ്രഹം ചൂണ്ടികാട്ടിയാണ് മാംസാഹാരം വിലക്കുന്നതെന്ന് കുട്ടികള്‍ പറയുന്നു. കോളേജിലെ മാംസാഹാര വിലക്ക് നേരത്തെ വന് വിവാദമായിരുന്നു.
മൂന്നരക്ക് ക്ലാസ് അവസാനിച്ചാല്‍ കോളജ് ക്യാമ്പസില്‍ തന്നെയുള്ള ഹോസ്റ്റലിനകത്ത് അരമണിക്കൂറിനകം എത്തണമെന്നും വ്യവസ്ഥയുണ്ട്. നേരത്തെ ആറ് മണിക്ക് മുന്പ് ഹോസ്റ്റലില്‍ എത്തിയാല്‍ മതിയായിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഫോണ്‍ ഉപയോഗിച്ചാല്‍ 350 രൂപ പിഴ ഈടാക്കും.