ഇരുമുന്നണികള്‍ക്കും പ്രതീക്ഷയായി പെരിന്തല്‍മണ്ണ
ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ യുഡിഎഫ്; ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫ്
മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഇരു മുന്നണികളേയും തുണച്ചിട്ടുള്ള നിയമസഭാ മണ്ഡലമാണ് പെരിന്തല്‍മണ്ണ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ നേരിയ ഭൂരിപക്ഷം വര്‍ധിപ്പിക്കാനാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുന്നു. പെരിന്തല്‍മണ്ണയില്‍ ഇക്കുറി ലീഡ് നേടുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.
മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മുന്നണികളെ ഇതു പോലെ തുണച്ച മണ്ഡലം വേറൊന്നില്ലെന്നു പറയാം. 1957ല്‍ സിപിഐയിലെ ഗോവിന്ദന്‍ നായരെ വിജയിപ്പിച്ചു തുടങ്ങിയ മണ്ഡലം മൂന്നു തവണ കൂടി ഇടതു മുന്നണിയെ തുണച്ചു. 1970ലാണ് മണ്ഡലം ലീഗ് പിടിച്ചത്. പിന്നീട് ഏഴു തെരഞ്ഞെടുപ്പുകള്‍ വേണ്ടി വന്നു ഇടതുമുന്നണിക്ക് മണ്ഡലം തിരിച്ചു പിടിക്കാന്‍.
2006ല്‍ വി ശശികുമാറാണ് ഇടതു മുന്നണിക്ക് വിജയം നേടിക്കൊടുത്തത്. എന്നാല്‍ 2011ല്‍ 9589 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് ടിക്കറ്റില്‍ മഞ്ഞളാം കുഴി അലി ജയിച്ചു കയറി. പക്ഷേ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ അലി തന്നെ വീണ്ടുമിറങ്ങിയപ്പോള്‍ ഭൂരിപക്ഷം 579 ആയി കുറഞ്ഞു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 5246 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. 2014ല്‍ ഇത് 10614 ആയി വര്‍ധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പക്ഷേ മുന്തൂക്കം ഇടതു മുന്നണിക്കാണ്. പെരിന്തല്‍മണ്ണ നഗരസഭക്കു പുറമേ മൂന്നു പഞ്ചായത്തുകളും ഇടതു മുന്നണി പിടിച്ചു. യുഡിഎഫ് മൂന്നു പഞ്ചായത്തിലൊതുങ്ങി. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. 2011ല്‍ 1980 വോട്ടുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി 2016ല്‍ അത് 5917 വോട്ടായി വര്‍ധിപ്പിച്ചു.