മലപ്പുറം ജില്ലാ കലക്ടര്‍ നാളെ സ്ഥാനമൊഴിയും
കലക്ടറെ മാറ്റുന്നതിനെതിരെയുള്ള ഹരജി ഹൈകോടതി തള്ളിയതോടെയാണ് ടി.ഭാസ്കരന്‍ സ്ഥാനമൊഴിയുന്നത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ടി ഭാസ്കരന്‍ നാളെ സ്ഥാനമൊഴിയും. കലക്ടറെ മാറ്റുന്നതിനെതിരെയുള്ള ഹരജി ഹൈകോടതി തള്ളിയതോടെയാണ് ടി.ഭാസ്കരന്‍ സ്ഥാനമൊഴിയുന്നത്. പുതിയ കലക്ടറായി എസ്.വെങ്കിടേശപതി മലപ്പുറത്തെത്തും.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വേണ്ടരീതിയില്‍ നടത്തിയില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മലപ്പുറം ജില്ലാ കളക്ടറെ മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. കലക്ടറെ മാറ്റുന്ന തീരുമാനത്തിനെതിരെ കീഴാറ്റൂര്‍, ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഹൈകോടതിയില്‍ ഹരജി നല്കി. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഘട്ടത്തില്‍ കലക്ടറെ മാറ്റുന്നത് പദ്ധതിയെ
ബാധിക്കുമെന്നായിരുന്ന ഹരജിക്കാരുടെ വാദം.
എന്നാല്‍ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ ടി.ഭാസ്കരനെ മാറ്റുക തന്നെ വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിന്റെ വ്യാപകമായ തകരാറ് മലപ്പുറം ജില്ലയില്‍ ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കലക്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും രണ്ടു തട്ടിലായി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ടി.ഭാസ്കരനെ മാറ്റുന്നത്. നാളെ സ്ഥാനമൊഴിയുന്ന ടി ഭാസ്കരനെ സപ്ലൈകോ എംഡിയായി നിയമിക്കും. നിലവില്‍ സപ്ലൈകോ എംഡിയായ എസ്.വെങ്കിടേശപതി മലപ്പുറം ജില്ലാ കലക്ടറായി അടുത്ത ദിവസം ചുമതലയേല്ക്കും.