എറണാകുളത്ത് അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്താണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത് അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ടെലികോം എന്‍ഫോഴ്സ്മെന്റ് വകുപ്പ് കണ്ടെത്തി. സ്ഥാപന ഉടമ പാലക്കാട് സ്വദേശി മുഹമ്മദ് ഷിനാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടറുകളും സെര്‍വറുകളും പൊലീസ് കണ്ടെടുത്തു.
പൊലീസും ടെലകോം എന്‍ഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. കോണ്‍കോര്‍ഡ് ബിസിനസ് സൊലൂഷന്‍സ് എന്ന സ്ഥാപനമാണ് കൊച്ചിയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയത്.. ലോക്കല്‍ കോള്‍ നിരക്കില്‍ STD ISD കോളുകളായിരുന്നു സ്ഥാപനത്തില്‍ നിന്ന് വിളിച്ചിരുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതിനൊപ്പം ടെലകോം സേവന ദാതാക്കള്‍ക്ക് സാന്പത്തിക നഷ്ടവും ഇത് മൂലം ഉണ്ടായിരുന്നു..ഇവിടെ നിന്ന് വിളിക്കുന്ന കോളുകളുടെ ഉറവിടം കണ്ടെത്താന്‍ ടെലകോം വിഭാഗത്തിന് കഴിയാത്തതിനാല്‍ സുരക്ഷാ ഭീഷണിയും സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് ഉയര്‍ത്തുന്നു.
മാര്‍ക്കറ്റിംഗും പരസ്യത്തിനുമുള്ള സ്ഥാപനമാണെന്നാണ് പുറത്ത് പറഞ്ഞിരുന്നതെങ്കിലും റൗട്ടറുകള്‍ ഉപയോഗപ്പെടുത്തി ഇന്റര്‍നെറ്റ് വഴി അന്താരാഷ്ട്ര കോളുകള്‍ സാധ്യമാക്കുന്ന എക്‌സ്‌ചേഞ്ചാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും വിദേശ മലയാളികളുടെ ബന്ധുക്കളായിരുന്നു സ്ഥാപനത്തിലെ ഉപഭോക്താക്കള്‍ . ആയിരക്കണക്കിന് വിദേശ കോളുകളാണ് ദിവസവും ഇവിടെ നിന്ന് വിളിച്ചിരുന്നത് സ്ഥാപന ഉടമ പാലക്കാട് സ്വദേശി മുഹമ്മദ് ഷിനാദിനെ പാലക്കാട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.