ഡേകെയറില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം; ഉടമ അറസ്റ്റില്‍
സംഭവത്തില്‍ കളിവീടെന്ന ഡെ-കെയര്‍ സെന്ററിന്റെ ഉടമ മിനി മാത്യുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കൊച്ചി പാലാരിവട്ടത്തെ സ്വകാര്യ ഡേ കെയറിൽ കുട്ടികൾക്ക് ക്രൂരപീഡനം. സംഭവത്തില്‍ കളിവീടെന്ന ഡെ-കെയര്‍ സെന്ററിന്റെ ഉടമ മിനി മാത്യുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
പാലാരിവട്ടത്ത് കളിവീടെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡേ കെയര്‍ സെന്ററില്‍ കുട്ടികളെ സ്ഥാപന ഉടമ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഒന്നര വയസുള്ള കൊച്ചുകുട്ടിയെ സ്ഥാപന ഉടമ മിനി മാത്യു ക്രൂരമായി ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ദൃശ്യങ്ങള്‍ പുറത്തായതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തി. സംഭവം വിവാദമായതോടെ പൊലീസെത്തി ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
സ്ഥാപനത്തിലെ ജീവനക്കാരുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. കൂടാതെ കുട്ടികളെ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ വൈദ്യ പരിശോധനയ്ക്കും വിധേയരാക്കും. പൊലീസും ചൈല്‍ഡ് ലൈനും ഡെ കെയറില്‍ സംയുക്ത പരിശോധനയും നടത്തി. 17-ഓളം കുട്ടികളാണ് ദിവസവും ഡേ-കെയറിലെത്തിയിരുന്നത് എന്നാല്‍ ഈ കുട്ടികളുടെയോ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന്റെയോ കൃത്യമായ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിട്ടില്ല. ഡേകെയറുകളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കൊച്ചി മേയര്‍ സൌമിനി ജയിന്‍ പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം. എറണാകുളം ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് മേധാവി, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ സമിതി. എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്- കെസ്‌യു പ്രവര്‍ത്തകര്‍ ഡെ കെയര്‍ സെന്ററിലേക്ക് മാര്‍ച്ച് നടത്തി.