യോഗ കേന്ദ്രത്തിലെ ഘര്‍വാപസി: ശ്രീജേഷിനെ റിമാന്‍ഡ് ചെയ്തു
തൃപ്പുണിത്തുറയിലെ വിവാദ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ശ്രീജേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തൃപ്പുണിത്തുറയിലെ വിവാദ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ശ്രീജേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. പ്രതിപ്പട്ടികയിലുള്ളവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്നലെ അറസ്റ്റിലായ ശ്രീജേഷിനെ ഇന്ന് വൈകുംവരെ ചോദ്യംചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ത്രിപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശ്രീജേഷിനെ അടുത്തമാസം 10 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ മനോജ്, സുജിത്ത്, മനു, സ്മിത, ലക്ഷ്മി എന്നിവരെയാണ് ഇനി കണ്ടെത്തേണ്ടത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. മനോജിന്റെ ആലപ്പുഴ പെരുമ്പളത്തുള്ള വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടുന്നതായി സൂചനയുണ്ട്.
കര്‍ണാടക സ്വദേശികളായ വിദ്യാര്‍ഥികളടക്കം പത്തോളം പേര്‍ ഇപ്പോഴും യോഗ കേന്ദ്രത്തിലുണ്ട്. മുഴുവന്‍ അന്തേവാസികളും കേന്ദ്രം വിട്ടുപോയ ശേഷം ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പൂട്ടി സീല്‍ ചെയ്യും. കേന്ദ്രം പൂട്ടാന്‍ ഉത്തരവിട്ട പശ്ചാത്തലത്തില്‍ ഇതുവരെ നടന്നുവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു.