പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് ഗെയില്‍ സമര സമിതി
കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് നേരെയുള്ള പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് സമര സമിതി.
കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് നേരെയുള്ള പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് സമര സമിതി. സമര സമിതി പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കള്ളകേസുകള്‍ പിന്‍വലിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. ഇതുള്‍പ്പെടെ സമര സമിതി നേരത്തെ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.
ചര്‍ച്ചക്കെത്താന്‍ കലക്ടറില്‍ നിന്ന് ക്ഷണം ലഭിച്ച ശേഷം സമര സമിതി നേതാക്കള്‍ യോഗം ചേര്‍ന്നു. സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. 10 സെന്‍റിന് താഴെ ഭൂമിയുള്ളവര്‍ക്ക് പുതിയ സ്ഥലവും താമസ സൌകര്യവും ഉറപ്പ് വരുത്തുന്നതിനാവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് വേണം.
തീവ്രവാദമുദ്ര ചാര്‍ത്തി സമരത്തെ വഴിതിരിച്ച് വിടാനുള്ള പൊലീസിന്റെ നീക്കത്തെ യോഗം ശക്തമായി അപലപിച്ചതായി സമര സമിതി നേതാക്കള്‍ പറഞ്ഞു. രണ്ട് അംഗങ്ങളാണ് സമര സമിതിയെ പ്രതിനിധീകരിച്ച് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുക. ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കുറച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോരാനാണ് സമര സമിതിയുടെ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ എരഞ്ഞിമാവ് സന്ദര്‍ശനത്തിന് ശേഷം സമര പരിപാടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്