ഒബ്റോണ്‍ മാളിലെ ഷോപ്പില്‍ കട്ടന്‍ചായക്ക് 100 രൂപ; വില കേട്ട് അന്തം വിട്ട് സംവിധായകന്‍
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിനാണ് കട്ടന്‍ചായ കുടിച്ച് പണികിട്ടിയത്
വന്‍കിട മാളുകളിലെ ഷോപ്പുകളിലെ ഭൂരിഭാഗം വസ്തുക്കളുടെയും വില കേട്ടാല്‍ ആരായാലും നക്ഷത്രമെണ്ണിപ്പോകും. അതിപ്പോള്‍ വസ്ത്രമായാലും ചെരിപ്പായാലും ഭക്ഷണമായാലും. പക്ഷേ ഒരു കട്ടന്‍ചായക്ക് പൊന്നിന്‍ വില വരുമെന്ന് ആരും കരുതില്ല. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിനാണ് കട്ടന്‍ചായ കുടിച്ച് പണികിട്ടിയത്. അതും ഇങ്ങ് കേരളത്തിലാണ് സംഭവമെന്നോര്‍ക്കണം.
ഇടപ്പള്ളി ഒബ്റോണ്‍ മാളിലുള്ള പിവിആര്‍ ഫുഡ് കൌണ്ടറില്‍ നിന്നും കക്ഷി ഒരു കട്ടന്‍ചായ കുടിച്ചു. ബില്ല് വന്നപ്പോള്‍ ജിഎസ്ടി സഹിതം നൂറ് രൂപ. ഒരു ഗ്ലാസ് ചൂടുവെള്ളം, കുറച്ചു ചായപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ന്ന ചായക്കാണോ ഇത്ര വിലയെന്ന് ഫേസ്ബുക്കില്‍ ബില്ല് സഹിതം സുജിത് കുറിപ്പുമിട്ടു. നമ്മളെ കബളിപ്പിക്കാന്‍ ഇത്തരക്കാരെ അനുവദിക്കരുത്..ജാഗ്രത സുജിത് ഫേസ്ബുക്കില്‍ കുറിച്ചു. എന്തായാലും കട്ടന്‍ചായയുടെ പൊള്ളുന്ന വില കേട്ട് നാട്ടുകാരും അത്ഭുതപ്പെട്ടിരിക്കുകയാണ്.