വനംവകുപ്പിന്റെ അനുമതിയില്ലാതെ മരംമുറിക്കരുത്: എംജി സര്‍വകലാശാലയോട് കോടതി
സര്‍വ്വകലാശാലയുടെ മരം മുറിക്കല്‍ തടഞ്ഞ റേഞ്ച് ഓഫീസറുടെ നടപടിയെ ചോദ്യം ചെയ്ത ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
സര്‍വ്വകലാശാല കാംപസില്‍ നിന്നും മരം മുറിക്കണമെങ്കില്‍ എം ജി സര്‍വ്വകലാശാല നിയമങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി. സര്‍വ്വകലാശാലയുടെ മരം മുറിക്കല്‍ തടഞ്ഞ റേഞ്ച് ഓഫീസറുടെ നടപടിയെ ചോദ്യം ചെയ്ത ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമം പാലിച്ച് അപേക്ഷ സമര്‍പ്പിച്ച് അനുമതി ലഭിച്ചശേഷമേ മരം മുറിക്കാന്‍ പാടുള്ളു എന്നും കോടതി നിര്‍ദ്ദേശിച്ചു.
പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനാണ് എംജി സര്‍വ്വകലാശാല ക്യാമ്പസിനുള്ളിലെ മരങ്ങള്‍ മുറിച്ച് മാറ്റിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തേക്ക്, പ്ലാവ്, മാഞ്ചിയം എന്നിങ്ങനെ വിവിധയിനത്തിലുള്ള മരങ്ങള്‍ സോഷ്യല്‍ ഫോറസ്റ്ററിയുടെ അനുമതിയില്ലാതെയാണ് മുറിച്ച് മാറ്റിയത്. പലതവണ ഇക്കാര്യം വനംവകുപ്പ് സര്‍വ്വകലാശാലയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നിയമങ്ങള്‍ പാലിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ട് മാസം മുന്‍പ് ക്യാമ്പസിന് മുന്‍വശത്തെ മരങ്ങള്‍ മുറിച്ച് മാറ്റുന്നത് റേഞ്ച് ഓഫീസര്‍ നേരിട്ട് എത്തി തടഞ്ഞു. ഈ നടപടിക്കെതിരെയാണ് സര്‍വ്വകലാശാല കോടതിയെ സമീപിച്ചത്.
എന്നാല്‍ കേസ് പരിഗണിച്ച കോടതി. നിയമങ്ങള്‍ പാലിക്കാന്‍ സര്‍വ്വകലാശാലയോടെ നിര്‍ദ്ദേശിക്കുകയായിരുന്നു. സര്‍വ്വകലാശാലയ്ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാം. എന്നാല്‍ ക്യാമ്പസിലെ മരങ്ങള്‍ മുറിക്കുബോള്‍ വനംവകുപ്പിന്റെ അനുമതി തേടണം. എത്രയും വേഗം ഈ ആവശ്യമുന്നയിച്ച് വനംവകുപ്പിന് അപേക്ഷ സമര്‍പ്പിക്കണമെന്നും കോടതി സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ചു. ജീവക എന്ന പേരില്‍ വനമായി സംരക്ഷിച്ച് പോന്നിരുന്ന പ്രദേശത്തെ മരങ്ങളും സമാനമായ രീതിയില്‍ സര്‍വ്വകലാശാല മുറിച്ച് മാറ്റിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇടപെട്ട് ഇത് തടഞ്ഞുവെങ്കിലും അത് വകവെക്കാതെയാണ് മരം മുറിക്കല്‍ സര്‍വ്വകലാശാല തുടര്‍ന്നത്.