ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശനാനുമതി മറയാക്കി തട്ടിപ്പുസംഘം വിലസുന്നു
കേരളത്തില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വിസയില്ലാതെ കടത്തിക്കൊണ്ടുവന്ന 24 യുവാക്കളില്‍ നിന്നായി തട്ടിപ്പു സംഘം ഈടാക്കിയത് എണ്‍പത്തി അയ്യായിരം രൂപ വീതമാണ്
ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശനാനുമതി മറയാക്കി തൊഴില്‍ തട്ടിപ്പുസംഘം വിലസുന്നു. കേരളത്തില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വിസയില്ലാതെ കടത്തിക്കൊണ്ടുവന്ന 24 യുവാക്കളില്‍ നിന്നായി തട്ടിപ്പു സംഘം ഈടാക്കിയത് എണ്‍പത്തി അയ്യായിരം രൂപ വീതമാണ് . കൂടുതല്‍പേരെ ചതിയില്‍പെടുത്താന്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘം വല വീശുന്നതായി സൂചന.
എഞ്ചിനീയറിഗ് ബിരുദ ധാരികളടക്കമുള്ള വിദ്യാസമ്പന്നരായ യുവാക്കളെയാണ് തൊഴില്‍ തട്ടിപ്പ്‌സംഘം ഇരയാക്കിയത്. ദോഹമെട്രോയില്‍ ജോലിവാഗ്ദാനം ചെയ്ത് 85000 രൂപ വീതം ഈടാക്കി , മുന്ന് ഘട്ടങ്ങളിലായി 24 യുവാക്കളെയാണിവര്‍ വിസയില്ലാതെ ദോഹയിലെത്തിച്ചത്.
വ്യാജവിലാസം നല്‍കിയാണ് ഏജന്റുമാര്‍ തൊഴില്‍ കരാര്‍ പോലും തയ്യാറാക്കിയത് . എറണാകുളം ആലപ്പുഴ തൃശൂര്‍ പാലക്കാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം തട്ടിപ്പുസംഘം യുവാക്കളെ ചതിയില്‍ പെടുത്തുകയായിരുന്നു. തങ്ങള്‍ക്കു പുറമെ കൂടുതല്‍ പേരെ ഏജന്റുമാര്‍ വലവീശുന്നതായും യുവാക്കള്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവുമില്ലാതെ ഒറ്റമുറിയില്‍ കഴിയുന്ന യുവാക്കള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഇപ്പോള്‍ ഭക്ഷണമെത്തിക്കുന്നത് .