വില്‍പനയും വിലപേശലുമില്ലാത്ത കരുണയുടെ കട
ഇടുക്കി നെടുങ്കണ്ടത്തെ സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂളിന്‍റെ മുറ്റത്ത് ഉപയോഗശൂന്യമായ ഒരു ബസ് ഉണ്ട്. ഇതാണ് കരുണയുടെ കട.
വില്‍പനയും വിലപേശലുകളും ഇല്ലാത്ത ഒരു കട കാണാം. വീട്ടില്‍ അധികമായി വരുന്ന വസ്തുക്കള്‍ നിര്‍ധനര്‍ക്ക് പങ്കുവെയ്ക്കാനായാണ് കട തുടങ്ങിയിരിക്കുന്നത്. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് കരുണയുടെ കട എന്ന് പേരിട്ടിരിക്കുന്ന ഈ കടയുടെ നടത്തിപ്പുകാര്‍.
ഇടുക്കി നെടുങ്കണ്ടത്തെ സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂളിന്‍റെ മുറ്റത്ത് ഉപയോഗശൂന്യമായ ഒരു ബസ് ഉണ്ട്. ഇതാണ് കരുണയുടെ കട. ബസിനുള്ളില്‍ വസ്ത്രങ്ങളും ചെരുപ്പുകളും സ്കൂള്‍ ബാഗുകളും കുടകളും പുസ്തകങ്ങളും പാത്രങ്ങളുമെല്ലാം ഉണ്ട്. വീട്ടില്‍ ഉപയോഗമില്ലാത്ത ഇത്തരം ഗുണനിലവാരമുള്ള വസ്തുക്കള്‍ കുട്ടികള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്ന് കരുണക്കടയില്‍ നിക്ഷേപിക്കും. ആവശ്യക്കാര്‍ക്ക് ഇവിടെ വന്ന് അത് സൌജന്യമായി എടുക്കാം. കുട്ടികളുടെ ഈ നല്ല പ്രവൃത്തിക്ക് പിന്തുണയുമായി നെടുങ്കണ്ടത്തെ വ്യാപാരി വ്യവസായികളും എത്തിയതോടെ കരുണയുടെ കട സമ്പന്നമായി. മൂന്ന് ലക്ഷം രൂപയിലേറെ വിലമതിക്കുന്ന പുതിയതും പഴയതുമായ വസ്തുക്കളാണ് കരുണ കടയില്‍ പിന്നീട് എത്തിയത്.
ഒഴിവുസമയങ്ങളിലാണ് വിദ്യാര്‍ഥികളും അധ്യാപകരും കരുണയുടെ കടയുടെ പ്രവര്‍ത്തനം സജീവമാക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ നിത്യോപയോഗ സാധനങ്ങള്‍ അടക്കമുള്ളവ സൌജന്യമായി നിര്‍ദ്ധനരിലേക്ക് എത്തിക്കുകയാണ് കരുണയുടെ കടയുടമകളുടെ അടുത്ത ലക്ഷ്യം.