വരാനിരിക്കുന്നത് സാമ്പത്തിക അച്ചടക്കത്തിന്‍റെ ബജറ്റെന്ന് തോമസ് ഐസക്
സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ്, മോട്ടോര്‍ വാഹന നികുതി തുടങ്ങിയവ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയും തോമസ് ഐസക് നല്‍കി.
വരാനിരിക്കുന്നത് സാമ്പത്തിക അച്ചടക്കത്തിന്‍റെ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ്, മോട്ടോര്‍ വാഹന നികുതി തുടങ്ങിയവ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയും തോമസ് ഐസക് നല്‍കി. വന്‍ പദ്ധതികള്‍ പുതുതായി പ്രഖ്യാപിക്കുന്നതിന് പകരം പ്രഖ്യാപിച്ചവ നടപ്പിലാക്കാനാകും ബജറ്റില്‍ ഊന്നല്‍ നല്‍കുകയെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.
ജിഎസ്ടി നിലവില്‍ വന്ന ശേഷമുള്ള ആദ്യ ബജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി വഴി പ്രതീക്ഷിച്ച വരുമാനം ഉണ്ടാകാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ബജറ്റ് വരുന്നത്. അതുകൊണ്ട് ബജറ്റ് അത്ര ആകര്‍ഷകമാകില്ല.
വരുമാനം എങ്ങനെയും വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനം പ്രയാസത്തിലാവും. ക്ഷേമ പദ്ധതികളില്‍ കൈവെക്കില്ലെങ്കിലും പൊതുജനത്തിന് മേല്‍ അധിക ഭാരം വരുന്ന ചില കടുത്ത തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. വമ്പന്‍ പദ്ധതികളൊന്നും പരിഗണിക്കുന്നതേയില്ല. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള പാക്കേജ് ബജറ്റിലുണ്ടാകുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.