യുഡിഎഫ് - ബിജെപി മത്സരമില്ല, ബിജെപി മൂന്നാമത്; ഉമ്മന്‍ചാണ്ടിയെ തള്ളി ചെന്നിത്തല
കേരളത്തില്‍ ഒരിടത്തും യുഡിഎഫിന് ബിജെപിയുമായി നേരിട്ട് മത്സരമില്ലെന്ന് രമേശ് ചെന്നിത്തല
ബിജെപി വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ തള്ളി രമേശ് ചെന്നിത്തല. കേരളത്തില്‍ ഒരിടത്തും യുഡിഎഫിന് ബിജെപിയുമായി നേരിട്ട് മത്സരമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ സ്ഥലത്തും ബിജെപി മൂന്നാമതായിരിക്കും. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും അഭിപ്രായമല്ല തനിക്കെന്നും ചെന്നിത്തല പറഞ്ഞു. മീഡിയവണിന്റെ നിലപാട് പരിപാടിയിലാണ് ചെന്നിത്തലയുടെ പ്രതികരണം.
ദേശീയതലത്തില്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല. കേരളത്തില്‍ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് ഇല്ല. മറിച്ചുള്ള വാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ചെന്നിത്തല വിശദീകരിച്ചു.
ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ യുഡിഎഫാണ് എതിരാളിയെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. യുഡിഎഫിന് ജയസാധ്യതയുള്ളതും ബിജെപിക്ക് ശക്തിയുള്ളതുമായ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ബംഗാളിലേതിന് സമാനമായ അവസ്ഥയിലാണ്. ബിജെപിക്കെതിരായ പ്രസംഗത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുമായി സ്ഥലം വിടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചെന്നിത്തലയെ പിന്തുണച്ച് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. കേരളത്തില്‍ മൂന്നാംമുന്നണിയായി ബിജെപിയെ ചിലര്‍ പര്‍വതീകരിക്കുകയാണെന്ന് ഇ.ടി പറഞ്ഞു.