വരും തലമുറകള്‍ക്കായി ജീവജലം കാത്തുവെക്കണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Update: 2018-05-28 02:33 GMT
Editor : Sithara
വരും തലമുറകള്‍ക്കായി ജീവജലം കാത്തുവെക്കണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Advertising

ജലദിനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് നടപടി വേണമെന്ന് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടത്.

വരും തലമുറകള്‍ക്ക് ജീവജലം കാത്തുവെക്കാന്‍ സമഗ്ര നടപടികള്‍ വേണമെന്ന് ഹൈക്കോടതി. ജലദിനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് നടപടി വേണമെന്ന് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടത്. ഒരു മനുഷ്യന് പോലും ജലം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്ന രീതിയില്‍ ഭൂഗര്‍ഭ ശോഷണം തടയണമെന്ന് കോടതി പറഞ്ഞു.

Full View

കൃഷി ആവശ്യത്തിനായി കുഴല്‍ക്കിണര്‍ കുത്തുന്നത് ചിലര്‍ തടയുകയാണെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ജലദിനമായ ഇന്ന് കോടതി വിഷയത്തില്‍ സ്വമേധയാ ഹരജി ഫയലില്‍ സ്വീകരിച്ചത്. മതിയായ അനുമതിയോടെ കുഴല്‍ക്കിണര്‍ കുത്തുന്നതിനെ നാട്ടുകാര്‍ തടയുകയാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിരവധി ഹരജികള്‍ മുന്നില്‍ വരുന്നതായി കോടതി നിരീക്ഷിച്ചു. ഭൂഗര്‍ഭജലം വറ്റുമെന്ന് പറഞ്ഞാണ് പ്രദേശവാസികള്‍ കുഴല്‍ക്കിണറിനെ എതിര്‍ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂഗര്‍ഭ ജലം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാഹചര്യങ്ങള്‍ ഭയാജനകമാണ്. ജലസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി, വരുംതലമുറക്ക് വേണ്ടി ജലം സംരക്ഷിക്കാന്‍ സമഗ്ര പദ്ധതികള്‍ വേണമെന്ന് വ്യക്തമാക്കിയാണ് സ്വമേധയാ കേസെടുത്തത്.

ജലം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജലമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. ജലം സംരക്ഷിക്കാന്‍ നയപരമായി എന്തൊക്കെയാണ് ചെയ്യാനാവുകയെന്നും കോടതി ചോദിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News