തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍
എല്ലാ മാസവും അഞ്ചാം തിയതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു
സീറോ ജെട്ടി വലിയകുളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോട്ടയം വിജിലന്‍സ് കോടതി മേല്‍നോട്ടം വഹിക്കും. എല്ലാ മാസവും അഞ്ചാം തിയതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണത്തിനായി നാല് മാസത്തെ സമയവും കോടതി അനുവദിച്ചു.
സീറോജെട്ടി വലിയകുളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് എസ് പി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ സുഭാഷ് കോടതിയെ സമീപിച്ചത്. കേസന്വേഷണം വൈകുന്നത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. ഹരജിയില്‍ വിശദമായ വാദം കേട്ട കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിക്കുകയായിരിന്നു. ഇതിന്റെ ഭാഗമായി എല്ലാ മാസവും 5ാം തിയതി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.
കേസ് അന്വേഷണത്തിന് നാല് മാസം സമയം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച ഹരജിയും കോടതി അനുവധിച്ചു. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മുന്‍ ജില്ല കലക്ടര്‍ എ. പത്മകുമാറിനെതിരെ അഡ്വക്കേറ്റ് സുഭാഷ് നല്കിയ ഹരജി. വിശദമായ വാദം കേള്‍ക്കുന്നതിനായി ഈ മാസം 16ലേക്ക് മാറ്റിവെച്ചു.