വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍ നിശബ്ദ പ്രചാരണത്തിരക്കില്‍

Update: 2018-05-28 12:51 GMT
Editor : admin
വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍ നിശബ്ദ പ്രചാരണത്തിരക്കില്‍
Advertising

ഉറപ്പിച്ച വോട്ടുകള്‍ വീണ്ടും വീണ്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനാണ് മിക്കവരും സമയം കണ്ടെത്തുന്നത്.

Full View

കേരളം നാളെ വോട്ടെടുപ്പിനൊരുങ്ങുമ്പോള്‍ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് ഇന്ന് സ്ഥാനാര്‍ഥികള്‍. ഉറപ്പിച്ച വോട്ടുകള്‍ വീണ്ടും വീണ്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനാണ് മിക്കവരും സമയം കണ്ടെത്തുന്നത്.

പരസ്യ പ്രചാരണം അവസാനിച്ചെങ്കിലും വിശ്രമമില്ലാത്ത ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. നാളെ പോളിംഗ് ബൂത്തിലെത്തുന്നത് വരെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടം. ഇന്ന് രാവിലെ മുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങി.. വ്യക്തിപരമായ വോട്ടുറപ്പിക്കലാണ് ഇന്ന് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം.

തിരുവനന്തപുരം ജില്ലയിലെ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥികള്‍ രാവിലെ എട്ട് മണിയോടെ പ്രചാരണത്തില്‍ സജീവമായി. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു വോട്ട് അഭ്യര്‍ഥന.

തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവും നേമത്തെ സ്ഥാനാര്‍ഥികളായ വി ശിവന്‍ കുട്ടിയും ഒ രാജഗോപാലും വി സുരേന്ദ്രന്‍ പിള്ളയും ആരാധനാലയങ്ങളും കടകളും സന്ദര്‍ശിച്ചാണ് വോട്ട് തേടിയത്.

കൊല്ലത്തെ സ്ഥാനാര്‍ഥികളും വ്യക്തിപരമായ വോട്ടുറപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. രാവിലെ ഏഴ് മണിയോടെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങി. അഞ്ച് മണ്ഡലങ്ങളിലും ശക്തമായ മത്സരം നടക്കുന്ന പത്തനംതിട്ടയിലും നിശബ്ദപ്രചാരണം സജീവമാണ്. ഫോണ്‍ വിളിച്ചും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിനാണ് മിക്ക സ്ഥാനാര്‍ഥികളും ഇന്ന് സമയം ചെലവഴിക്കുന്നത്.

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കുമ്പോള്‍ മധ്യകേരളത്തിലും സ്ഥാനാര്‍ഥികള്‍ അവസാന വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്. പരമാവധി വോട്ടര്‍മാരെ നേരിട്ടു കണ്ടും വീടുകള്‍ കയറിയിറങ്ങിയുമാണ് സ്ഥാനാര്‍ഥികളുടെ നിശബ്ധ പ്രചരണം. ഞായറാഴ്ചയായതിനാല്‍ ആരാധാനലയങ്ങള്‍ കേന്ദ്രീകരിച്ചും സ്ഥാനാര്‍ഥികള്‍ സജീവമാണ്.

എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഒരു വട്ടം കൂടി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ്.

രാവിലെ മുതല്‍ തന്നെ പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ചാണ് സ്ഥാനാര്‍ഥികള്‍ നിശബ്ധ പ്രചാരണത്തില്‍ സജീവമായത്. അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍,ഇതുവരെ എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ സജീവമായത്. എറണാകുളം ജില്ലയില്‍ പ്രധാന മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ എല്ലാം തന്നെ ആറു മണി മുതല്‍ പ്രചാരണത്തില്‍ സജീവമാണ്. ആരാധനാലയങ്ങളിലെത്തി പ്രാര്‍ഥനയോടെയാണ് പലരും നിശബ്ധ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ജില്ലയിലെ പ്രമുഖ സ്ഥാനാര്‍ഥികളായ കെ എം മാണിയും പി സി ജോര്‍ജ്ജും രാവിലെ മുതല്‍ തന്നെ സജീവമാണ്. രമേശ് ചെന്നിത്തല, തോമസ് ഐസക്, പി സി വിഷ്ണുനാഥ് തുടങ്ങിയവര്‍ അണി നിരക്കുന്ന ആലപ്പുഴ ജില്ലയില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കല്യാണവീടുകളിലും മരണവീടുകളിലും എത്തി വോട്ടര്‍മാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ്. .

തൃശൂരില്‍ പത്മജ വേണു ഗോപാല്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ അതി രാവിലെ തന്നെ ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷമാണ് വോട്ടര്‍മാരെ കാണാനിറങ്ങിയത്. ഇടുക്കിയില്‍ സ്ഥാനാര്‍ഥികള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വോട്ടുറപ്പിക്കല്‍. ജില്ലയില്‍ മഴയുടെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കും അണികള്‍ നാളത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും നില നില്‍ക്കുന്നു.

വടക്കന്‍ കേരളത്തില്‍ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ഇ‍ഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങില്‍ ഓരോ വോട്ടുമുറപ്പിക്കാനുള്ള അടവുകള്‍ പയറ്റുകയാണ് മുന്നണികളും സ്ഥാനാര്‍ഥികളും. മുന്നണി നേതാക്കള്‍‍ അവരുടെ മണ്ഡലങ്ങളില്‍ സജീവമാണ്.

രാവിലെ സൂര്യനുദിച്ചപ്പോഴേക്കും സ്ഥാനാര്‍ഥികളും പാര്‍ട്ടി അണികളും വോട്ടര്‌‍മാരെ തേടി വീടുകളിലെത്തി. പാര്‍ടി പതാകയും ചിഹ്നങ്ങള്‍ പതിച്ച തൊപ്പിയും വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പുകളുമായാണ് ഇന്നത്തെ പ്രചാരണം. മലബാറില്‍ പ്രവചനാതീതമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ അവസാന തന്ത്രങ്ങള്‍ പയറ്റുകയാണ് പ്രധാന മൂന്നു മുന്നണികളും.

ശക്തമായ ത്രികോണ മതസരം നടക്കുന്ന കാസര്‍കോട് മ‍ഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്നു സ്ഥാനാര്‍ഥികളും പ്രചാരണത്തിനിറങ്ങി. ഇന്നലെ ശക്തമായ കാറ്റിലും മഴയിലും നാശ നഷ്ടങ്ങല്‍ സംഭവിച്ച സ്ഥലങ്ങളിലാണ് കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ കേന്ദ്രീകരിക്കുന്നത്. കണ്ണൂരില്‍ ധര്‍മടത്ത് ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ മുഴുവന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് പിണറായി വിജയന്‍.

ഇന്നലെ കൊട്ടിക്കലാശത്തിനിടെ അക്രമമുണ്ടായ സ്ഥലങ്ങളും പിണരായി സന്ദര്‍ശിക്കുന്നുണ്ട്, ചൂടേറിയ പോരാട്ടം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജിയും നികേഷ് കുമാറും വീടുകല്‍ കയറിയിറങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം, കുറ്റ്യാടി, വടകര, കോഴിക്കോട് സൌത്ത് മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ഛസ്ഥായിയിലാണ്. മലപ്പുറത്ത് താനൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ പരമാവധി വോട്ടര്‍മാരെ അവസാനമായി ഒന്നുകൂടി കാണുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ അവസാന പ്രചാരണങ്ങള്‍ക്ക് ശക്തി പകരുന്നു. പാലക്കാട് മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാരോടൊപ്പമാണ് വി എ,സ് അച്യുതാനന്ദന്റെ നിശബ്ദ പ്രചാരണം. ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വിവാഹ വീടുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ഥികളുടെ വോട്ടുപിടുത്തം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News