വിപ്ലവ കവിതകൾകൊണ്ട് നിറഞ്ഞ കാവാലത്തിന്റെ കാമ്പസ് കാലം
ആലപ്പുഴ എസ്.ഡി കോളേജിലെ ബിരുദപഠനകാലത്തും വക്കീൽ ജോലിയിലും എല്ലാം കലയെ വിട്ടൊരു കാര്യവും കാവാലത്തിനില്ലായിരുന്നു.
കലാരംഗത്ത് തനിമയുടെ ആവിഷ്കാരം തീർത്ത കാവാലം നാരായണപ്പണിക്കരുടെ വിദ്യാഭ്യാസകാലം വിപ്ലവ കവിതകൾകൊണ്ട് നിറഞ്ഞതായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിലെ ബിരുദപഠനകാലത്തും വക്കീൽ ജോലിയിലും എല്ലാം കലയെ വിട്ടൊരു കാര്യവും കാവാലത്തിനില്ലായിരുന്നു.
ഇന്നത്തെ എസ്.ഡി കോളേജ് പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന കാലത്തായിരുന്നു നാരായണപ്പണിക്കരുടെ പഠനം. ആദ്യബാച്ചുകളിലെ വിദ്യാർഥികളിൽപെട്ട നാരായണപ്പണിക്കരുടെ വിഷയം സാന്പത്തികശാസ്ത്രമായിരുന്നു. സാഹിത്യകാരൻ എംകെ.സാനു ജന്തുശാസ്ത്രത്തിൽ അതേ കാലത്തെ വിദ്യാർഥിയും. സാനുമാഷ് വിദ്യാർഥി യൂണിയന്റെ സ്പീക്കറും നാരായണപ്പണിക്കർ ആർട്സ് ക്ലബ് ഭാരവാഹിയുമായിരുന്നു. കവിതാ രചനയൊക്കെയുണ്ടായിരുന്നുവെങ്കിലും കാന്പസിലെ തമാശകളിലും വിദ്യാർഥിയായിരുന്ന നാരായണപ്പപണിക്കർ പങ്കാളിയായിരുന്നു.
കാന്പസിലെ മരക്കൂട്ടങ്ങളിലെ എല്ലാ സൌഹൃദ സല്ലാപങ്ങളിലും നിറഞ്ഞ് നിന്നത് കാവാലത്തിന്റെ കവിതകളായിരുന്നു. പഠന സമയത്തെ രചനകളിൽ പലതും അക്കാലത്ത് നില നിന്നിരുന്ന അസമത്വങ്ങൾക്കെതിരെയായിരുന്നു. വിപ്ലവ ബോധം നിറഞ്ഞ് നിന്നിരുന്ന സംഗീതം സഹപാഠികൾക്കിന്നും ആവേശമാണ്.