മുംബൈയില്‍ അറസ്റ്റിലായവരെ കേരളത്തിലെത്തിച്ചു; കാണാതായവരില്‍ ഒരാളുടെ കൂടെ സന്ദേശം വീട്ടിലെത്തി
മാതാവിന്റെ സുഖ വിവരം അന്വേഷിച്ചാണ് സഹോദരിക്ക് സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ടെലിഗ്രാം
മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ മുംബൈയില്‍ വെച്ച് എന്‍ഐഎ അറസ്റ്റ് ചെയ്യ്ത രണ്ട് പേരെയും കേരളത്തിലെത്തിച്ചു.മുംബൈ സ്വദേശികളായ ആഷി ഖുറേഷി റിസ്വാന്‍ ഖാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിച്ചത്. പന്ത്രണ്ടരയോടെ കൊച്ചിയിലെത്തിച്ച ഇവരെ കനത്ത സുരക്ഷയില്‍ എറണാകുളത്തേക്ക് കൊണ്ടുപോയി.കാസര്‍ഗോഡ് നിന്നും കാ ണാതായ അഷ്ഫാക്കിന്‍റെ സന്ദേശം സഹോദരിക്ക് ലഭിച്ചു, ഉമ്മയുടെ സുഖവിവരം അന്വേഷിച്ചാണ് സഹോദരിക്ക് അഷ്ഫാക്ക് സന്ദേശം അയച്ചത്.
പടന്ന തെക്കേപ്പുറം സ്വദേശിയും മുംബൈയില്‍ വ്യവസായിയുമായ അബ്ദുല്‍ മജീദിന്റെ മകന്‍ അഷ്ഫാക്കിന്റെ സന്ദേശമാണ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴിയുള്ള സന്ദേശം. ഉമ്മയുടെ സുഖവിവരം അന്വേഷിച്ച് സഹോദരിക്കാണ് അഷ്ഫാക്ക് സന്ദേശം അയച്ചത്. ബന്ധുക്കളെ ഏറെ പ്രയാസത്തിലാക്കി നാടുവിട്ട ശേഷം ഉമ്മയുടെ സുഖവിവരം അന്വേഷിക്കുന്നതെന്തിനാണെന്ന് സഹോദരി തിരിച്ച് സന്ദേശം അയച്ചതിന് ഇസ്ലാമിനെ കുറിച്ച് പൂര്‍ണമായും അറിവില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ചോദ്യം ഉന്നയിക്കുന്നതെന്നായിരുന്നു അഷ്ഫാക്കിന്റെ മറുപടി. തങ്ങള്‍ക്ക് ലഭിച്ച സന്ദേശം കുടുംബാംഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. എവിടെ നിന്നാണ് സന്ദേശം എന്നതിനെകുറിച്ച് വ്യക്തതയില്ല.
കാസര്‍കോട് ജില്ലയിലെ പടന്ന തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമാടക്കം 17 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിനെ കുറിച്ച് കുടംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുടുംബാംഗങ്ങളുടെ തിരോധാനത്തില്‍ ബന്ധുക്കള്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി ഡിവൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയാണ്. അന്വേഷണ സംഘം പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡിജിപിക്ക് നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച സന്ദേശത്തിലും നാടുവിട്ടവര്‍ക്ക് ഐഎസ് ബന്ധത്തിനുള്ള സൂചനകളില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.