ഇടുക്കി മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൈകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്ന്എം പി പറഞ്ഞു
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൈകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്ന്എം പി പറഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്‍റെ അഗീകാരം ഇടുക്കി മെഡിക്കല്‍ കോളേജിന് നഷ്ടമായ പശ്ചാത്തലത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
മൂന്ന് നിലകളിലായി 43,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വിപുലമായ സൗകര്യത്തോടു കൂടിയ അക്കാദമിക് വിഭാഗമാണ് നിര്‍മ്മിക്കുന്നത്. പത്തുമാസം കൊണ്ട് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 10.5 കോടിരൂപ ചിലവിലാണ് കെട്ടിട നിര്‍മ്മാണം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സെപ്തംബര്‍ പകുതിയോടെ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണവും ആരംഭിക്കും. ഇതിന്റെ ഡിസൈനില്‍ ഉണ്ടായിരുന്ന കുറവുകള്‍ പരിഹരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക സര്‍വ്വകലാശാലയുടെ അനുമതി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ലഭിക്കും.
യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി അടുത്ത അധ്യയനവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടുകൂടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട 37 ഇനങ്ങളിലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ പകുതിയിലധികവും പരിഹരിക്കാന്‍ കഴിയും. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഐ എം സിയുടെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് അംഗീകാരം പുനഃസ്ഥാപിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി പറഞ്ഞു.