കേരളത്തിന് ഇന്ന് 60 വയസ്സ്
നാട്ടുരാജ്യങ്ങള്‍ ചേര്‍ത്ത് 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപീകരിച്ചത്.
ഇന്ന് കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നേക്ക് 60 വര്‍ഷം പൂര്‍ത്തിയാകുന്നു. നാട്ടുരാജ്യങ്ങള്‍ ചേര്‍ത്ത് 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപീകരിച്ചത്.
കേരം തിങ്ങും കേരള നാടിന് അതിരുകളുണ്ടായതിന്റെ അറുപതാമാണ്ട്. അറബിക്കടലിനും അതിനതിരിട്ട് ഒതുക്കുവാനായിട്ടില്ലെന്നത് കവിവാക്യം. പരശുരാമന്‍ മഴുവെറിഞ്ഞതും മഹാബലി നാടുവാണതും ഐതിഹ്യം. ചേരന്മാരുടെ ചേരളം കേരളമായത് യാഥാര്‍ത്ഥ്യം. കറുത്തപൊന്ന് തേടി കടല്‍കടന്നുവന്ന അറബികളും ചങ്ക് കൊടുത്ത് ആതിഥ്യമരുളിയ പറങ്കിപ്പട ചങ്ക് പറിച്ചുപോയതും അവിസ്മരണീയം. രാജവാഴ്ച്ചയും ബ്രിട്ടീഷ് വാഴ്ച്ചയും കടന്നുപോയത് പിന്നീടുള്ള ചരിതം. സ്വാതന്ത്ര്യസമരത്തിന്റെ കനല്‍പഥങ്ങളില്‍ ജീവന്‍ നല്‍കിയവര്‍ അസംഖ്യം. വെള്ളക്കാരന്റെ പടിയിറക്കവും കഴിഞ്ഞപ്പോള്‍ പിന്നെ ഒന്നാകാനുള്ള മോഹം. ലക്ഷ്യത്തിലേക്കെത്താന്‍ മുന്നില്‍ നിന്ന് നയിച്ചത് ഐക്യകേരളാ പ്രസ്ഥാനം. 1956 നവംബര്‍ ഒന്നിന് പിറവി.
ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ അധികാരമേറ്റെടുത്തത് ലോകത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ജനാധിപത്യ സര്‍ക്കാര്‍ പുതിയ പാര്‍ട്ടികളും പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണികളും വരവായത് പിന്നീടുള്ള കാഴ്ച. പശ്ചിമഘട്ടങ്ങളും കടന്ന് നാട് വളര്‍ന്നു കണ്‍കണ്ടുനില്‍ക്കെ ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു മലയാളിയെങ്കിലും ഉണ്ടാവും എന്നതാണ് പരമാര്‍ത്ഥം.