വിവിധ ജില്ലകളില്‍ നഴ്സുമാര്‍ പണിമുടക്കുന്നു, 70 % പേരും പണിമുടക്കില്‍
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്
നഴ്സ് സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ നഴ്സുമാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ നേഴ്സുമാരും സമരം നടത്തി.
എഴുപത് ശതമാനം നഴ്സുമാരും ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ പണിമുടക്കിയ നഴ്സുമാര്‍ കലക്ട്രേറ്റിന് മുന്‍പില്‍ സത്യഗ്രഹ സമരത്തില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ മുഴുവന്‍ നഴ്സുമാരും പണിമുടക്കുന്ന സാഹചര്യമുണ്ടാകുമെന്ന് സമരക്കാര്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ച ശമ്പളത്തേക്കാള്‍ കുറഞ്ഞ ശമ്പളം സര്‍ക്കാര്‍ ആശുപത്രികളിലെ കരാര്‍ നഴ്സുമാര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ നടപടി ഇരട്ടത്താപ്പാണെന്നാരോപിച്ച് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ നഴ്സുമാരും പ്രതിഷേധ പ്രകടനം നടത്തി. 800 കിടക്കകളുള്ള സ്വകാര്യ ആശുപത്രികൾ 23,000ത്തിലേറെ രൂപ നഴ്സുമാർക്ക് ശമ്പളം നൽകണമെന്നാണ് സർക്കാർ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ 1050 കിടക്കകളുള്ള ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള നഴ്സുമാർക്ക് ലഭിക്കുന്നത് 13,900 രൂപ മാത്രമാണ്. സമരത്തിന് ഗവ: നേഴ്സസ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.