വേങ്ങരയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി; മജീദിന്‍റെ നിലപാട് നിര്‍ണായകം
മജീദ് സ്ഥാനാര്‍ത്ഥിയായാല്‍ വേങ്ങരയിലെ ഭൂരിപക്ഷം നിലനിര്‍ത്താനാകില്ലെന്ന അഭിപ്രായം പി കെ കുഞ്ഞാലിക്കുട്ടിക്കും പി വി അബ്ദുല്‍ വഹാബിനുമുണ്ട്. മജീദ് സ്വയം പിന്‍മാറട്ടെ എന്നാണ് ഇരുവരുടെയും നിലപാട്.....
കെപിഎ മജീദ് സ്വയം പിന്‍മാറുന്ന സാഹചര്യത്തില്‍ മാത്രമേ വേങ്ങരയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ മുസ്ലിം ലീഗ് പരിഗണിക്കൂ. ഇക്കാര്യത്തില്‍ മജീദിന്‍റെ മനസ്സറിയാനാണ് ലീഗ് നേതൃത്വം കാത്തിരിക്കുന്നത്. 18 ന് ചേരുന്ന മുസ്ലിം ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗത്തില്‍ കെ പിഎ മജീദ് മനസ്സ് തുറക്കും.
മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാവായ കെപിഎ മജീദ് 1980 മുതല്‍ 2001 വരെ മങ്കടയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2004 ന് ശേഷം മജീദ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല. മജീദിനെ മാറ്റി നിര്‍ത്തിയാണ് പി വി അബ്ദുല്‍വഹാബിനെ കഴിഞ്ഞ തവണ രാജ്യസഭയിലേക്ക് അയച്ചത്. ഒരു പതിറ്റാണ്ടിലേറെയായി പാര്‍ലമെന്‍ററി രംഗത്ത് നിന്ന് മാറി നില്‍കുന്ന മജീദിന് ഒരു അവസരം കൂടി നല്‍കണമെന്ന അഭിപ്രായം പാര്‍ടിയില്‍ ശക്തമാണ്.
വേങ്ങര സീറ്റിന് കെപിഎ മജീദ് താല്‍പര്യം അറിയിച്ചാല്‍ മറിച്ചൊരു നിലപാട് പാര്‍ടി എടുക്കില്ല.എന്നാല്‍ മജീദ് സ്ഥാനാര്‍ത്ഥിയായാല്‍ വേങ്ങരയിലെ ഭൂരിപക്ഷം നിലനിര്‍ത്താനാകില്ലെന്ന അഭിപ്രായം പി കെ കുഞ്ഞാലിക്കുട്ടിക്കും പി വി അബ്ദുല്‍ വഹാബിനുമുണ്ട്. മജീദ് സ്വയം പിന്‍മാറട്ടെ എന്നാണ് ഇരുവരുടെയും നിലപാട്. മജീദാകട്ടെ, പ്രധാന നേതാക്കളോട് പോലും ഇക്കാര്യത്തില്‍ മനസ്സ് തുറന്നിട്ടുമില്ല. പാര്‍ടി ഏകകണ്ഠമായി ആവശ്യപ്പെട്ടാലേ കെപിഎ മജീദ് മല്‍സരിക്കൂവെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്.
18 ന് ചേരുന്ന മുസ്ലിം ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗത്തില്‍ കെപിഎ മജീദ് മനസ്സ് തുറക്കും. മല്‍സരിക്കാന്‍ മജീദിന് താല്‍പര്യമില്ലെങ്കില്‍ മാത്രമേ കെഎൻഎ ഖാദര്‍ അടക്കമുള്ള പേരുകള്‍ ലീഗ് നേതൃത്വം പരിഗണിക്കൂ.