ജിഎസ്ടി വെബ്സൈറ്റ് പണിമുടക്കുന്നു; വ്യാപാരികള്‍ക്ക് സമയത്തിന് നികുതി അടയ്ക്കാനാവുന്നില്ല
ജിഎസ്ടി സെല്ലിലും കസ്റ്റമര്‍ കെയറിലും വിളിച്ച് പരാതി പറഞ്ഞിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ജിഎസ്ടി വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമാകുന്നതിനാല്‍ വ്യാപാരികളില്‍ നിന്ന് പിഴ ഈടാക്കുന്നതായി പരാതി. കൃത്യസമയത്ത് നികുതി അടക്കാന്‍ കഴിയാത്തതിനാല്‍ 200 രൂപ വീതം പിഴ ഈടാക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. ജിഎസ്ടി സെല്ലിലും കസ്റ്റമര്‍ കെയറിലും വിളിച്ച് പരാതി പറഞ്ഞിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഈ മാസത്തെ നികുതി ഫയലിങ്ങിനുള്ള അവസാന തീയതി 20 ആയിരുന്നു. അവസാന ദിവസത്തോടടുത്തെത്തിയപ്പോള്‍ പലര്‍ക്കും നികുതി അടക്കാനായില്ല. നികുതി അടക്കാനാവാത്തവര്‍ 200 രൂപ പിഴ അടക്കണമെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച അറിയിപ്പ് ചില വ്യാപാരികള്‍ക്ക് ലഭിച്ചു. ജിഎസ്ടി കസ്റ്റമര്‍ കെയറില്‍ വിളിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുമെന്ന് മാത്രമായിരുന്നു മറുപടി. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും വെബ്സൈറ്റ് പണിമുടക്കിയെന്ന് വ്യാപാരികള്‍ പറഞ്ഞു.
നികുതി ഫയല്‍ ചെയ്യുമ്പോള്‍ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ സൈറ്റ് ജാം ആവുന്നതോടെ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കാനാവാത്തതും നികുതി ഫയല്‍ ചെയ്യുന്നതിന് തടസ്സമാവുന്നുവെന്നാണ് ആക്ഷേപം. വൈബ്സൈറ്റ് പ്രവര്‍ത്തനരഹിതമാകുന്നത് ജിഎസ്ടി സെല്‍ അധികൃതര്‍ സമ്മതിക്കുമ്പോഴും പിഴ ഒഴിവാക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.