അറ്റകുറ്റപണികള്‍ക്കായി ചെലവഴിക്കുന്നത് കോടികള്‍, കുണ്ടും കുഴിയുമായി താമരശ്ശേരി ചുരം
ചുരത്തിലെ റോഡ് പൂര്‍ണ്ണമായും നവീകരിച്ചത് 2102ല്‍ കോഴിക്കോട് കലക്ടര്‍ പി ബി സലീമിന്റെ നേതൃത്വത്തിലാണ്
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം കുണ്ടും കുഴിയുമാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അറ്റകുറ്റപണികള്‍ക്കായി പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഇതൊന്നും ചുരത്തില്‍ കാണാന്‍ കഴിയില്ല. ചുരത്തിലെ റോഡിനായി ചെലവാക്കിയ തുകയെല്ലാം പാഴായി പോകുകയാണ്.
ചുരത്തിലെ റോഡ് പൂര്‍ണ്ണമായും നവീകരിച്ചത് 2102ല്‍ കോഴിക്കോട് കലക്ടര്‍ പി ബി സലീമിന്റെ നേതൃത്വത്തിലാണ്. ചുരത്തിലൂടെയുള്ള യാത്ര പൂര്‍ണ്ണമായും തകര്‍ന്നപ്പോഴായിരുന്നു ഇത്. റോഡ് അടച്ച് ഗതാഗതം നിര്‍ത്തിവെച്ചായിരുന്നു നിര്‍മ്മാണം. അന്ന് ചെലവായത് 23 കോടി 38 ലക്ഷത്തി 79നായിരം രൂപ. ആ റോഡിന്‍റെ ആയുസ്സ് ഒരു മഴക്കാലം കടന്ന് കിട്ടിയില്ല. മഴവെള്ളം കുത്തിയൊഴുകി ഹെയര്‍പിന്‍ വളവുകളിലെ റോഡ് മുഴുവന്‍ കുണ്ടും കുഴിയുമായി. പിന്നീട് ഓരോ വര്‍ഷവും അറ്റകുറ്റപണികള്‍ നടത്തി. 2015ല്‍ ചുരം ഉള്‍പ്പെടുന്ന ദേശീയ പാത 212 കൊടുവള്ളി മുതല്‍ ലക്കിടി വരെ നവീകരിച്ചു. ചെലവായ തുക 11 കോടി രൂപ. 2016ല്‍ നവീകരണത്തിനായി ചെലവഴിച്ചത് 17 കോടി 46 ലക്ഷത്തി 26ആയിരം രൂപ
ഈ വര്‍ഷം മാത്രം നാല് തവണ ചുരത്തില്‍ അറ്റകുറ്റപണികള്‍ നടത്തി. റോഡ് തകരുകയും ചെലവാക്കുന്ന പണത്തിന്റെ കണക്ക് അവശേഷിക്കുന്നതുമാണ് ചുരത്തിലെ ഓരോ പ്രവൃത്തിയും. ഹെയര്‍ പിന്‍ വളവുകള്‍ വീതി കൂട്ടി ഇന്റര്‍ലോക്ക് പതിക്കുകയാണ് ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള മാര്‍ഗ്ഗമായി ചൂണ്ടികാട്ടുന്നത്. ഇന്റര്‍ലോക്ക് പതിച്ച 2,4,9 വളവുകള്‍ ഇതുവരെ തകര്‍ന്നിട്ടില്ല എന്നതാണ് ഇതിന് കാരണം.