പൊലീന്ദ്രമാണ് മഹാബലിയെ വരവേല്‍ക്കുന്ന യാഥാര്‍ത്ഥ ആഘോഷമെന്ന് ചരിത്ര വിദ്യാര്‍ഥികള്‍
ബലി മഹാരാജാവേ ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലും കടന്ന് അങ്ങ് വന്ന് ഞങ്ങളുടെ സല്‍ക്കാരം സ്വീകരിച്ചാലും എന്ന സ്തുതി ഗീതം പാടിയാണ് കര്‍ണാടകയില്‍ മഹാബലിയെ ആദരപൂര്‍വം സ്വീകരിക്കുന്നത്.
ദീപാവലി ദിവസം തുളുനാട്ടില്‍ നടക്കുന്ന പൊലീന്ദ്രം ആഘോഷമാണ് മഹാബലിയെ വരവേല്‍ക്കുന്ന യാഥാര്‍ത്ഥ ആഘോഷമെന്ന് ചരിത്ര വിദ്യാര്‍ഥികള്‍. പ്രാചീനകാലത്ത് ദീപാവലി ദിവസം ഇന്ത്യയില്‍ പരക്കെ നടന്നിരുന്ന ബലിപൂജയുടെ അവശേഷിക്കുന്ന ഏക അടയാളം കൂടിയാണ് ഈ പൊലീന്ദ്രം ആഘോഷം. കാഞ്ഞങ്ങാട് നെഹ്റു കോളേജ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ് പൊലീന്ദ്രത്തെ യാഥാര്‍ത്ഥ ഓണമായി അവതരിപ്പിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ ശാസ്താക്ഷേത്രങ്ങളില്‍ വലിയ ഉത്സവങ്ങളായിട്ടാണ് പൊലിയന്ത്രം വിളി അരങ്ങേറുന്നത്. സന്ധ്യാനേരത്ത് 21 ദീപങ്ങള്‍ പാലമരത്തില്‍ കൊളുത്തി ഗ്രാമമൊന്നിച്ച് ബലി മഹാരാജാവിനെ അരിയെറിഞ്ഞ് ആര്‍ത്തുവിളിച്ച് ആദരിച്ച് സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്. ബലീന്ദ്ര എന്ന വിളി കാലക്രമത്തില്‍ പൊലീന്ദ്രയായി മാറിയതാവാമെന്നാണ് നിഗമനം.
കര്‍ണ്ണാടകയിലെ കുന്താപുരം മുതല്‍ കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ വരെയുള്ള പ്രദേശത്താണ് ഇന്നും ബലിയാരാധന പഴയപോലെ തുടരുന്നുന്നത്. കര്‍ണാടകയില്‍ ഇപ്പോഴും ബലീന്ദ്ര എന്ന് തന്നെയാണ് പറയുന്നത്. ബലി മഹാരാജാവേ ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലും കടന്ന് അങ്ങ് വന്ന് ഞങ്ങളുടെ സല്‍ക്കാരം സ്വീകരിച്ചാലും എന്ന സ്തുതി ഗീതം പാടിയാണ് കര്‍ണാടകയില്‍ മഹാബലിയെ ആദരപൂര്‍വം സ്വീകരിക്കുന്നത്. ഓണത്തെ വാമന ജയന്തിയായി ആഘോഷിക്കുന്ന പുതിയ കാലത്ത് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് പൊലീന്ദ്രം ആഘോഷത്തിനെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിലെ സാഹിത്യ വേദിയാണ് പൊലീന്ദ്രത്തെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയത്.