മൂന്നാർ റെസ്റ്റ് ഹൗസിൽ മന്ത്രി സുധാകരന്റെ മിന്നല്‍ പരിശോധന
റെസ്റ്റ് ഹൗസിലെ മുറികൾ സ്വകാര്യ ഹോട്ടലായ മെർമെയ്ഡ് കൈയ്യടക്കിവെച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി
മൂന്നാർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മന്ത്രി ജി സുധാകരന്റെ മിന്നൽ പരിശോധന. റെസ്റ്റ് ഹൗസിലെ മുറികൾ സ്വകാര്യ ഹോട്ടലായ മെർമെയ്ഡ് കൈയ്യടക്കിവെച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ മന്ത്രി പൊലീസിന് നിർദ്ദേശം നൽകി.
മൂന്നാർ ബോഡിമെട്ട് ദേശീയപാത ഉൽഘാടനത്തിന് മുന്നോടിയായാണ് മന്ത്രി പിഡബ്ലുഡി റെസ്റ്റ് ഹൌസില്‍ മിന്നല്‍ പരിശോധനക്ക് എത്തിയത്. രജിസ്റ്റര്‍ പരിശോധിച്ച മന്ത്രി മുറികള്‍ അനുവദിച്ചിരിക്കുന്നതിലെ ക്രമക്കേട് കണ്ടെത്തി. ആകെയുള്ള 11 മുറികളിൽ എട്ടെണ്ണം 2002 മെർമെയ്ഡ് ഹോട്ടലിന് ലീസിന് നൽകിയിരുന്നു. ബാക്കിയുള്ള മൂന്ന് മുറികൾ പിഡബ്ല്യുഡി റെസ്റ്റ് ഹൗസായാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ ഈ മുറികളും മെർമേഡ് ഹോട്ടലിന്റെ കൈവശമാണ് എന്ന് മന്ത്രി കണ്ടെത്തി. ഹോട്ടലിന്റെ ഓഫീസിൽ നിന്നും പിഡബ്ല്യുഡി രജിസ്റ്റർ മന്ത്രി കണ്ടെത്തുകയും ചെയ്തു. മന്ത്രി എത്തുമ്പോള്‍ റെസ്റ്റ് ഹൗസിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല.
പൊതുമരാമത്ത് വകുപ്പ് മന്ത്രി കൺട്രോളിങ് ഓഫീസർക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.