ഓഖി ഗുജറാത്തിലേക്ക്; 48 മണിക്കൂറിനുള്ളില്‍ വേഗം കുറയും
കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രവചനമെങ്കിലും കനത്ത ജാഗ്രതയില്‍ തന്നെയാണ് സംസ്ഥാനം.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതുവരെ മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം 12 ആയി. ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രവചനമെങ്കിലും കനത്ത ജാഗ്രതയില്‍ തന്നെയാണ് സംസ്ഥാനം.
ഇനിയും നൂറിലേറെപ്പേരെ കണ്ടെത്താനുണ്ട്. വ്യോമ-നാവിക സേനകളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്തമായ തെരച്ചില്‍ കൂടാതെ മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തുന്നുണ്ട്. ലക്ഷദ്വീപില്‍ വ്യാപകനാശം വിതച്ച കാറ്റിന്റെ വേഗത അടുത്ത 48 മണിക്കൂറില്‍ കുറയുമെന്നാണ് കണക്കൂകൂട്ടല്‍. തിങ്കളാഴ്ച രാത്രിയോടെ ഗുജറാത്ത് - മഹാരാഷ്ട്ര തീരങ്ങളിലേക്ക് കടക്കുന്നതോടെ പരമാവധി 60 കിലോമീറ്റര്‍ വേഗതയിലേക്ക് താഴുകയും ചെയ്യുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
എങ്കിലും കേരളത്തിന്റെ തീരപ്രദേശങ്ങളിലും അടുത്ത 12 മണിക്കൂര്‍ കാറ്റും കനത്ത മഴയും അനുഭവപ്പെടും. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ലക്ഷദ്വീപ് മേഖലയില്‍ അടുത്ത 12 മണിക്കൂറില്‍ വലിയ തിരമാലകളുയരും. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും അടുത്ത 48 മണിക്കൂറില്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.