വേതന പാക്കേജ് പുനപരിശോധിച്ചില്ലെങ്കില്‍ റേഷന്‍ മേഖലയില്‍ നിന്നും പിന്‍മാറുമെന്ന് വ്യാപാരികള്‍
മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് ഭക്ഷ്യവകുപ്പ് അട്ടിമറിക്കുകയാണെന്നാണ് റേഷന്‍ വ്യാപാരികളടെ ആരോപണം.
അശാസ്ത്രീയമായ റേഷന്‍ വ്യാപാരി വേതന പാക്കേജ് പുനപരിശോധിച്ചില്ലെങ്കില്‍ റേഷന്‍ മേഖലയില്‍ നിന്നും പിന്‍മാറുമെന്ന് വ്യാപാരികള്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് ഭക്ഷ്യവകുപ്പ് അട്ടിമറിക്കുകയാണെന്നാണ് റേഷന്‍ വ്യാപാരികളടെ ആരോപണം. വേതന കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം.
സംസ്ഥാനത്ത് 350 കാര്‍ഡും 45 കിലോ അരിയും കൈകാര്യം ചെയ്യുന്ന റേഷന്‍ കടകള്‍ നിലനിര്‍ത്തുമെന്നായിരുന്നു മുഖ്യമന്ത്രി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ്. ഇ പോസ് മെഷ്യന്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന മുറയ്ക്ക് വ്യാപാരികള്‍ക്ക് ചുരുങ്ങിയത് 16000 രൂപ ലഭിക്കുന്ന വേതന പാക്കേജ് നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. 45 ക്വിന്‍റലില്‍ കൂടുതല്‍ വില്‍പന നടക്കുന്ന റേഷന്‍ വ്യാപാരികളുടെ വേതനവും ആനുപാതികമായി വര്‍ധിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ലംഘിച്ചു കൊണ്ട് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പാക്കേജ് തികച്ചും അശാസ്ത്രീയമാണെന്നാണ് ആക്ഷേപം.
പുതിയ പാക്കേജ് നടപ്പിലായാല്‍ സംസ്ഥാനത്തെ പകുതിയോളം റേഷന്‍ കടകള്‍ പൂട്ടേണ്ട അവസ്ഥ വരും. ഇത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍റെ ലംഘനമാകുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പാക്കേജ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ റേഷന്‍ മേഖലയില്‍ നിന്നും പിന്‍മാറുമെന്ന മുന്നറിയിപ്പാണ് വ്യാപാരികള്‍ നല്‍കുന്നത്.