പെരിയാര്‍ മലിനീകരണം: പൊതുപ്രവര്‍ത്തകന്റെ പേരില്‍ കള്ളക്കേസെടുക്കാന്‍ ശ്രമം

Update: 2018-05-29 19:01 GMT
Editor : Subin
പെരിയാര്‍ മലിനീകരണം: പൊതുപ്രവര്‍ത്തകന്റെ പേരില്‍ കള്ളക്കേസെടുക്കാന്‍ ശ്രമം
Advertising

മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവര്‍ക്ക് വഴികാട്ടിയ പൊതുപ്രവര്‍ത്തകന്‍ ഷബീറിനുമെതിരെ സിഎംആര്‍എല്‍ കമ്പനിയാണ് പൊലീസില്‍ പരാതി നല്‍കിയത്

പെരിയാര്‍ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയ പൊതുപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. മാധ്യമപ്രവര്‍ത്തകരുടെ ഒപ്പം മലിനീകരണസ്ഥലത്ത് എത്തിയ ഷബീറിനെതിരെയാണ് ബിനാനിപുരം പൊലീസ് കേസെടുത്തത്. കമ്പനിയില്‍ അതിക്രമിച്ച് കയറിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

Full View

എടയാര്‍ വ്യവസായ മേഖലയില്‍ പൂട്ടിക്കിടക്കുന്ന ശ്രീശക്തി പേപ്പര്‍ മില്‍ ഉള്‍പ്പെടെയുള്ളവ പെരിയാര്‍ തീരത്ത് തള്ളിയ മാലിന്യകൂമ്പാരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവര്‍ക്ക് വഴികാട്ടിയ പൊതുപ്രവര്‍ത്തകന്‍ ഷബീറിനുമെതിരെ സിഎംആര്‍എല്‍ കമ്പനിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കമ്പനിക്കെതിരെ വ്യാജതെളിവുണ്ടാക്കുന്നതിന് നിക്ഷേപിക്കാന്‍ സാധനസാമഗ്രികളുമായി മൂന്നംഗസംഘം കമ്പനി വളപ്പില്‍ അതിക്രമിച്ച് കയറിയെന്നാണ് പരാതി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഷബീറിനും കണ്ടാല്‍ അറിയാവുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് ഒഴിവാക്കി ഷബീറിനെ മാത്രം കേസില്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇന്നലെ രാത്രിയിലും ഷബീറിനെ തേടി പൊലീസ് സംഘം ഏലൂരിലെ വീട്ടിലെത്തിയിരുന്നു.
സിഎംആര്‍എല്‍ നല്‍കിയ പരാതിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ പുരുഷന്‍ ഏലൂരിനും ഷിബു മാനുവനിലുമെതിരെ വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുക്കുകയും ഷിബുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരെ വേട്ടയാടുന്ന കമ്പനിക്ക് പൊലീസ് എല്ലാവിധ സഹായവും നല്‍കുകയാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ആരോപണം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News