മധുവിന്‍റെ കൊലപാതകം: രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കാട്ടില്‍വെച്ച് പ്രതികള്‍ മര്‍ദിച്ചതായി മരിക്കുന്നതിന് മുമ്പ് മധു മൊഴിനല്‍കിയെന്ന എഫ്‌ഐആറില്‍ പറയുന്നു...
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാക്കുളം സ്വദേശി ഹുസൈന്‍, മുക്കാലി സ്വദേശി അബ്ദുല്‍ ജലീല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാട്ടില്‍വെച്ച് പ്രതികള്‍ മര്‍ദിച്ചതായി മരിക്കുന്നതിന് മുമ്പ് മധു മൊഴിനല്‍കിയെന്ന എഫ്‌ഐആറില്‍ പറയുന്നു.
കസ്റ്റഡിയില്‍ കൂടുതല്‍ പേരുണ്ടെന്നും കൊലപാതകത്തില്‍ ഇവരുടെ പങ്ക് വ്യക്തമാകുന്ന മുറക്ക് അറസ്റ്റുണ്ടാകുമെന്നും അന്വേഷണ ചുമതലയുള്ള തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ പറഞ്ഞു. മധുവിന്റെ കൊലപാതകത്തില്‍ തുടക്കത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ച പൊലീസ് പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
മധുവിനെ മര്‍ദിക്കുന്നതില്‍ നേരിട്ട് പങ്കെടുത്ത അബ്ദുല്‍ ജലീലിനെയും ഹുസൈനെയും രാവിലെ തന്നെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിത്തിന് വിട്ടുനല്‍കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ 12 മണിയോടെ അറസ്റ്റും രേഖപ്പെടുത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികള്‍ക്കെതിരെ വധശ്രമത്തിനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാര്‍ മധുവിനെ കൈമാറുന്ന സമയത്ത് അവശനിലയിലായിരുന്നുവെന്ന്
പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. മധുവിനെ കൈമാറിയ ഏഴുപേരാണ് മര്‍ദിച്ചതെന്നാണ് മധുവിന്റെ മരണമൊഴിയെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമായാല്‍ കൊലപാതകം പട്ടികജാതി പട്ടികവര്‍ഗ അതിക്ര നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചയോടെ മൃതദേഹം കടുകുമണ്ണ ഊരിലെത്തിക്കും.