കീഴാറ്റൂരില്‍ സമരം ശക്തമാക്കാനൊരുങ്ങി വയല്‍കിളികള്‍
ഈ മാസം ഇരുപത്തിയഞ്ചിന് വയലില്‍ വീണ്ടും പന്തല്‍ കെട്ടി സമര പ്രഖ്യാപനം നടത്തും. വയല്‍ നികത്താനുളള നീക്കത്തിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനും വയല്‍കിളികള്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം ഇരുപത്തിയഞ്ചിന് വയലില്‍ പന്തല്‍ കെട്ടി സമരം പുനരാരംഭിക്കും. സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ സിപിഎം അംഗങ്ങള്‍ അടക്കം പന്ത്രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമരത്തോട് സര്‍ക്കാറിന് ഫാഷിസ്റ്റ് സമീപനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സമര പന്തല്‍ കത്തിക്കുമ്പോള്‍ കീഴാറ്റൂര്‍ വയലില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ പോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ സമര സമിതി നേതാവ് സി.മനോഹരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത പന്ത്രണ്ട് പേരില്‍ അഞ്ച് പേര്‍ പാര്‍ട്ടി അംഗങ്ങളാണ്. ബാക്കിയുളളവരാകട്ടെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരും. മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പന്തല്‍ പൊളിച്ച സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ വിമര്‍ശിച്ചിരുന്നു.
ഇതിനിടെ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരായ സമരം വീണ്ടും ശക്തമാക്കാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഈ മാസം ഇരുപത്തിയഞ്ചിന് വയലില്‍ വീണ്ടും പന്തല്‍ കെട്ടി സമര പ്രഖ്യാപനം നടത്തും. വയല്‍ നികത്താനുളള നീക്കത്തിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനും വയല്‍കിളികള്‍ തീരുമാനിച്ചിട്ടുണ്ട്.