പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ചത് ആര്‍സിസിയില്‍ വെച്ചെന്ന് സ്ഥിരീകരണം

Update: 2018-05-29 00:20 GMT
പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ചത് ആര്‍സിസിയില്‍ വെച്ചെന്ന് സ്ഥിരീകരണം
Advertising

ആർസിസിയില്‍ നിന്ന് കുട്ടിക്ക് നല്‍കിയ രക്തത്തില്‍ എച്ച്ഐവി ബാധിതന്‍റെയും രക്തം ഉണ്ടായിരുന്നതായി സ്ഥിരീകരണം.

ആർസിസിയില്‍ നിന്ന് കുട്ടിക്ക് നല്‍കിയ രക്തത്തില്‍ എച്ച്ഐവി രോഗബാധിതന്‍റെയും രക്തം ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഈ രക്തം സ്വീകരിച്ച് രോഗബാധിതയായ 9 വയസുകാരി ബുധനാഴ്ച മരിച്ചു. രോഗമുള്ളയാള്‍ വിന്‍ഡോ പിരീഡിൽ രക്തം നല്‍കിയതാകാം രോഗബാധ കണ്ടെത്താതിരിക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

Full View

രക്താര്‍ബുദത്തിന് ചികിത്സ തേടിയപ്പോള്‍ 48 പേരുടെ രക്തമാണ് ആര്‍സിസിയില്‍ നിന്ന് കുട്ടിക്ക് നല്‍കിയത്. ആദ്യ പരിശോധനകളില്‍ എച്ച്ഐവി ബാധ കണ്ടെത്തിയിരുന്നില്ലെങ്കിലും രക്തം സ്വീകരിച്ച ശേഷമുള്ള പരിശോധയില്‍ എച്ച്ഐവി ബാധ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പരാതികളുയർന്നപ്പോഴാണ് കുട്ടിയ്ക്ക് രക്തം നൽകിയവരെയെല്ലാം വിളിച്ചു വരുത്തി വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതനുസരിച്ച് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് എയ്ഡ്സ് രോഗം കണ്ടെത്തി. അങ്ങനെയാകാം പെണ്‍കുട്ടിക്ക് രോഗബാധ ഉണ്ടായത്.

എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ ആര്‍ രമേശിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കുട്ടിക്ക് എച്ച്ഐവി ബാധിച്ചിരുന്നുവെന്നും ഇല്ലെന്നുമുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ പരിശോധനാ വിവരം പുറത്തുവരുന്നത്. വിന്‍ഡോ പിരീഡില്‍ ആണെങ്കിൽ രോഗബാധ കണ്ടെത്താനാകില്ലെന്ന വിശദീകരണം മാത്രമാണ് അധികൃതര്‍ക്ക് നല്‍കാനുളളത്. പുതിയ കണ്ടെത്തല്‍ ആര്‍സിസിയെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

ആര്‍സിസി തന്‍റെ മകള്‍ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കുട്ടിയുടെ രക്ഷിതാവ് രംഗത്തെത്തി. രക്താര്‍ബുദത്തിന് ചികിത്സ തേടി ആര്‍സിസിയിലെത്തുകയും രക്തം സ്വീകരിക്കുകയും ചെയ്ത ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പതുകാരി ബുധനാഴ്ചയാണ് മരിച്ചത്.

Tags:    

Similar News