കലൂർ മുതൽ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോ സർവ്വീസ് അനിശ്ചിതകാലത്തേക്ക് നിർത്തി
കലൂർ മെട്രോ സ്റ്റേഷന് സമീപം ബഹുനില കെട്ടിടം തകർന്നു വീണ സാഹചര്യത്തിലാണ് നടപടി.
കൊച്ചി മെട്രോ കലൂർ മുതൽ മഹാരാജാസ് വരെയുള്ള സർവ്വീസ് അനിശ്ചിതകാലത്തേക്ക് നിർത്തി വെച്ചു. കലൂർ മെട്രോ സ്റ്റേഷന് സമീപം ബഹുനില കെട്ടിടം തകർന്നു വീണ സാഹചര്യത്തിലാണ് നടപടി.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് കലൂർ മെട്രോ സ്റ്റേഷനടുത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണത്. മുപ്പത്ത് മീറ്റർ ഉയരത്തിലുള്ള ബീമുകൾ ഉൾപ്പടെ തകർന്ന് വീണു. പതിനഞ്ച് മീറ്റർ ആഴത്തിൽ മണ്ണിടിച്ചിലും ഉണ്ടായി. നിർമ്മാണത്തിനായി എത്തിച്ച രണ്ട് ജെസിബികൾ മണ്ണിനടിയിലായി. മെട്രോയുടെ തൂണുകൾ കടന്നു പോകുന്ന ഭാഗത്ത് ഗർത്തം രൂപപ്പെട്ടിരുന്നു.
സംഭവം നടന്ന ഉടൻ മെട്രോ സർവീസുകൾ നിർത്തി വച്ചിരുന്നു. വെള്ളിയാഴ്‌ച മെട്രോ സർവീസ് ആലുവാ മുതൽ പാലാരിവട്ടം വരെയായി ചുരുക്കി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കലൂർ മുതൽ മഹാരാജാസ് വരെയുള്ള സർവ്വീസ് പുനരാരംഭിക്കൂ. സംഭവ സമയത്ത് തൊഴിലാളികൾ സ്ഥലത്തില്ലായിരുന്നത് വൻ ദുരന്തം ഒഴിവാക്കി. വിഷയത്തിൽ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവം നടന്നയുടൻ പൊലീസ് സ്ഥലത്തത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഈ വഴിയുള്ള റോഡ് ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.