കെ ശിവദാസന്‍ നായര്‍ വീണ്ടും അഭിഭാഷക വേഷത്തില്‍
ഒരു പതിറ്റാണ്ട് മുന്‍പ് ഊരിവെച്ച അഭിഭാഷക വേഷമണിഞ്ഞ് ശിവദാസന്‍ നായര്‍ വീണ്ടും പത്തനംതിട്ട ജില്ലാകോടതിയില്‍ എത്തി.
മുന്‍ ആറന്മുള എംഎല്‍എ കെ ശിവദാസന്‍ നായര്‍ വീണ്ടും അഭിഭാഷക വേഷത്തില്‍. ആറന്മുളയിലെ തോല്‍വിയാണ് ശിവദാസന്‍നായരെ വക്കീല്‍ വേഷത്തിലേക്ക് മടക്കിയെത്തിച്ചത്. ഒരു പതിറ്റാണ്ട് മുന്‍പ് ഊരിവെച്ച അഭിഭാഷക വേഷമണിഞ്ഞ് ശിവദാസന്‍ നായര്‍ വീണ്ടും പത്തനംതിട്ട ജില്ലാകോടതിയില്‍ എത്തി.
യുഡിഎഫിന്‍റെ ഉറച്ച കോട്ടയായിരുന്ന ആറന്മുളയില്‍ വീണാ ജോര്‍ജിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നതോടെയാണ് ശിവദാസന്‍ നായര്‍ വീണ്ടും ഗൌണിട്ട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചത്. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു ശിവദാസന്‍ നായര്‍ അഭിഭാഷക ജോലി താല്‍കാലികമായി ഉപേക്ഷിച്ചത്. നിയമസഭയിലേക്കുള്ള മൂന്നാമങ്കത്തില്‍ തോല്‍വി നേരിട്ടതോടെ പഴയ തട്ടകത്തിലേക്ക് മടക്കം. വക്കീല്‍ പണിയില്‍ സജീവമായാലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കുറവൊന്നുമുണ്ടാകില്ലെന്നാണ് ശിവദാസന്‍ നായരുടെ പ്രതികരണം.
നേരെത്തെ ഫീലിപ്പോസ് തോമസിനൊപ്പമായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. ഫീലിപ്പോസ് തോമസ് ഇടയ്ക്ക് പാളയം മാറി സിപിഎമ്മിലെത്തിയെങ്കിലും തൊഴില്‍ രംഗത്തെ സൌഹൃദം തുടരും. ഇരുവരും ചേര്‍ന്ന് നടത്തിയിരുന്ന ഓഫീസില്‍ ഇനി ശിവദാസന്‍ നായരുമുണ്ടാവും. നിയമ പുസ്തകമൊക്കെ മറിച്ച് നോക്കിയിട്ട് നാള് കുറച്ചായെങ്കിലും രണ്ടാം വരവ് കിടുക്കുമെന്നാണ് ശിവദാസന്‍ നായരുടെ പക്ഷം.