നയപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് ഗീതാ ഗോപിനാഥ്; മൌനം തുടര്‍ന്ന് സിപിഎം കേന്ദ്ര നേതൃത്വം
കേരളത്തിലെ വിവിധ വകുപ്പുകളെ ആഗോള വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയാണ് തന്റെ പ്രധാന ദൌത്യമെന്ന് ഗീതാ ഗോപീനാഥ്
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെക്കുറിച്ച് പരസ്യ പ്രതികരണത്തിന് തയ്യാറാവാതെ മൌനം തുടരുകയാണ് സി.പി.എം കേന്ദ്ര നേതൃത്വം. ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ ധനകാര്യമന്ത്രി തോമസ് ഐസക്കും ഇക്കാര്യത്തില്‍ പ്രതികരിയ്ക്കാന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ എല്ലാ നയപരമായ കാര്യങ്ങളിലും ഇടപെടില്ലെന്നും ദൈനം ദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടില്ലെന്നും ഗീതാ ഗോപിനാഥ് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് അഞ്ചു ദിവസം മുന്‍പു തന്നെ സി.പി.എം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ടിരുന്നു. സി.പി.എം എന്നും എതിര്‍ക്കുന്ന സാന്പത്തിക നയത്തിന്റെ വക്താവിനെത്തന്നെ ഉപദേശകയായി നിയമിച്ചതില്‍ കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ അറിയാതെ പരസ്യമായി ഒരു പ്രതികരണത്തിനും ഇല്ലെന്നാണ് കേന്ദ്ര നേതാക്കളുടെ നിലപാട്. ഇതുവരെയായിട്ടും പരസ്യമായി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ കേന്ദ്ര നേതാക്കളാരും തയ്യാറായിട്ടുമില്ല. ഈ മാസം അവസാനം ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ച ചെയ്തേക്കും. ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രിമാരുടെ യോഗത്തിന് ഡല്‍ഹിയിലെത്തിയ ധനകാര്യമന്ത്രി തോമസ് ഐസക്കും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിയ്ക്കാന്‍ തയ്യാറായില്ല.
താന്‍ തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റില്ലെന്നും സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടില്ലെന്നും എല്ലാ നയപരമായ കാര്യങ്ങളിലും ഇടപെടില്ലെന്നും ഗീതാ ഗോപിനാഥ് ഹാര്‍വാഡില്‍ നിന്നയച്ച പ്രസ്താവനയില്‍വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അതാതു വിഷയങ്ങളില്‍ ഉപദേശം നല്‍കും. കേരളത്തിലെ വിവിധ വകുപ്പുകളെ ആഗോള വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തലാണ് പ്രധാന ലക്ഷ്യം. സര്‍ക്കാര്‍ നയങ്ങളോ അതിന്മേലുള്ള തന്റെ നിലപാടുകളോ മാധ്യമങ്ങളുമായി പങ്കുവെക്കാനുദ്ദേശിയ്ക്കുന്നില്ലെന്നും ഗീതാ ഗോപിനാഥ് പ്രസ്താവനയില്‍ പറഞ്ഞു.