ഐപിഎസ് ലിസ്റ്റില്‍ അന്വേഷണം നേരിടുന്നവരും
ഹാപ്പി രാജേഷ് വധക്കേസില്‍ വകുപ്പ് തല നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥനും മുന്‍പ് സിഐയായി തരം താഴ്ത്തപ്പെട്ട എസ്പിയും പട്ടികയിലുണ്ട്
അന്വേഷണവും ആരോപണവും നേരിടുന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് ഐപിഎസ് പരിഗണനാ പട്ടിക തയ്യാറാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറേണ്ട പട്ടികയില്‍ 35 എസ്പിമാരാണുള്ളത്. ഹാപ്പി രാജേഷ് വധക്കേസില്‍ വകുപ്പ് തല നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥനും മുന്‍പ് സിഐയായി തരം താഴ്ത്തപ്പെട്ട എസ്പിയും പട്ടികയിലുണ്ട്.
ബാര്‍ക്കോഴ കേസന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റക്കാരനാണന്ന് കണ്ടെത്തിയ വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍, ഹാപ്പി രാജേഷ് വധക്കേസില്‍ വകുപ്പ് തല നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്ത സാം ക്രിസ്റ്റി ഡാനിയേല്‍, മനുഷ്യക്കടത്ത് കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന എ കെ ജമാലുദ്ദീന്‍, കാസര്‍ഗോഡ് ഡിവൈഎസ്പിയായിരിക്കേ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് സിഐയായി തരംതാഴ്ത്തിയ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി ബി അശോകന്‍, വിവിധ ആരോപണങ്ങളുള്ള കെ രാധാകൃഷ്ണന്‍, ബി വര്‍ഗീസ്, കെ എം ടോമി, സക്കറിയ ജോര്‍ജ്ജ് എന്നീ എസ്പിമാരും പരിഗണന ലിസ്റ്റില്‍ ഇടം പിടിച്ചു.
ഓരോരുത്തരുടേയും പേരിനൊപ്പം അവര്‍ക്കെതിരേയുള്ള കേസുകളും അച്ചടക്ക നടപടികളും രേഖപ്പെടുത്തിയിട്ടുണ്ട്. സീനിയോരിറ്റി മാത്രം നോക്കിയതിനാലാണ് ആരോപണ വിധേയരും പട്ടികയില്‍ ഇടം പിടിച്ചതെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. 2014-ലെ ഏഴും, 2015-ലെ നാലും ഒഴിവുകള്‍ ചേര്‍ത്താണ് ഇത്തവണ 35 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഫയല്‍ കണ്ടതിന് ശേഷമായിരിക്കും അന്തിമ ലിസ്റ്റ് കേന്ദ്രത്തിന് കൈമാറുക. അതിന് മുന്‍പായി ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ഒരു തവണ കൂടി പട്ടിക പരിശോധിക്കും.