മലപ്പുറം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
മലപ്പുറം ഉപതെരഞ്ഞെടുപ്പിനായി ഇരുമുന്നണികളും താഴേതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ്.
മലപ്പുറം ഉപതെരഞ്ഞെടുപ്പിനായി ഇരുമുന്നണികളും താഴേതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള അവസാന ദിനമായിരുന്നു ഇന്നലെ. ബൂത്തടിസ്ഥാനത്തില്‍ പരമാവധി വോട്ടര്‍മാരെ ചേര്‍ക്കുന്നതിനാണ് മുസ്‍ലിം ലീഗും സിപിഎമ്മും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന ശ്രദ്ധ നല്‍കിയത്.
ഇ അഹമ്മദിന് ലഭിച്ച 194739 വോട്ട്ഭൂരിപക്ഷത്തില്‍ നിന്നും പുതിയ തെരഞ്ഞെടുപ്പിലും പിറകോട്ട് പോകരുതെന്ന് മുസ്‍ലിം ലീഗിന് നിര്‍ബന്ധമുണ്ട്. ഏഴ് നിയോജക മണ്ഡലങ്ങളിലും മുസ്‍ലിം ലീഗിന്റെ ബൂത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നു. ബൂത്ത് കണ്‍വീനര്‍, ചെയര്‍മാന്‍മാര്‍ എന്നിവരെ ഓരോ മണ്ഡലങ്ങളിലും വിളിച്ചുചേര്‍ത്താണ് കൂടുതല്‍ പ്രവര്‍ത്തകരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള പദ്ധതികള്‍ നല്‍കിയത്.
ജില്ലാ സെക്രട്ടറിയേറ്റംഗം ഇ എന്‍ മോഹന്‍ദാസിനാണ് സിപിഎം തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. സിപിഎമ്മും ബൂത്തുകമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്. എതിര്‍കക്ഷിയില്‍ നിന്നും മരിച്ചവരെയും വിവാഹം കഴിഞ്ഞുപോയവരെയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
നാളെയാണ് മുസ്‍ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മലപ്പുറത്തെത്തും. അന്നായിരിക്കും സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുക.