ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ പൊലീസ് ക്രൂരത; അമ്മയെ വലിച്ചിഴച്ചു
അമ്മയെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അമ്മയെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മക്കും കുടുംബത്തിനുമെതിരെ പോലീസ് അതിക്രമം. അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഡിജിപിയുടെ ഓഫീസിന് മുന്നിൽ സമരം പാടില്ലെന്ന് പറഞ്ഞായിരുന്നു പൊലീസിന്‍റെ ബലപ്രയോഗം.
സംഭവം വിവാദമാതോടെ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. പുറത്തു നിന്നുള്ള ശക്തികള്‍ ഇടപെട്ടാണ് പ്രശ്നം വഷളാക്കിയതെന്ന് ഡിജിപി പറഞ്ഞു. പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗവും ഇതാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഡിജിപി സൂചിപ്പിച്ചു.
ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജിഷ്ണുവിന്‍റെ അമ്മ മഹിജയും കുടുംബവും പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയത്. രാവിലെ 10 മണിക്ക് എത്തിയ ഇവരെ ഡിജിപി ഓഫീസിൽ നിന്നും 100 വാര അകലെ പൊലീസ് തടഞ്ഞു. ചർച്ചക്ക് ഡിജിപി തയ്യാറായെങ്കിലും 6 പേരെ മാത്രമേ കയറ്റിവിടൂവെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ മുഴുവൻ പേരെയും കയറ്റിവിടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സമരത്തിനെത്തിയ ജിഷ്ണുവിന്‍റെ അമ്മ മഹിജയടക്കമുളളവരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.
പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് ജിഷ്ണുവിന്‍റെ ബന്ധുക്കൾ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഹിജയെ പേരൂർക്കട ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഐജി മനോജ് എബ്രഹാം മഹിജയെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. ആശുപത്രിയിലെത്തിയ മനോജ് എബ്രഹാമിനെതിരെയും പ്രതിഷേധം ഉയർന്നു. ഡിജിപി ലോക്നാഥ് ബെഹ്‍റയും പേരൂര്‍ക്കട ആശുപത്രിയിലെത്തി ജിഷ്ണുവിന്‍റെ മാതാവിനെയും ബന്ധുക്കളെയും കണ്ടു.