കീഴാറ്റൂരിലെ നാട്ടുകാരുടെ സമരം അവസാനിച്ചു
വയല്‍ നികത്താന്‍ ശ്രമിച്ചാല്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി അറിയിച്ചു
വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ നാട്ടുകാര്‍ നത്തിവന്ന അവസാനിപ്പിച്ചു. ഇന്നലെ മന്ത്രി ജി.സുധാകരനുമായി സമര സമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ വയല്‍ ഏറ്റെടുക്കാനുള്ള തീരുമാനം താത്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. വയല്‍ നികത്താന്‍ ശ്രമിച്ചാല്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി അറിയിച്ചു.
കഴിഞ്ഞ ഇരുപത് ദിവസമായി ഒരു നാട് ഒന്നാകെ നടത്തി വന്ന നിലനില്‍പ്പിനായുളള പോരാട്ടത്തിനാണ് താത്കാലിക വിരാമമായത്. ബൈപ്പാസ് നിര്‍മ്മാണത്തിനായി വയല്‍ ഒഴിവാക്കിയുളള ബദല്‍ സാധ്യതകള്‍ ആരായാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മറ്റി രൂപീകരിച്ച സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ കീഴാറ്റൂരുകാര്‍ തീരുമാനിച്ചത്. രാവിലെ വയല്ക്കരയില്‍ വിളിച്ചു ചേര്‍ത്തു നാട്ടുകാരുടെ യോഗത്തില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ വിശദീകരിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ തീരുമാനം വരും വരെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കീഴാറ്റൂരിലെ ജനകീയ സമരത്തിനൊപ്പം ആദ്യാവസാനം നിലകൊണ്ട മീഡിയവണിനോട് നിറഞ്ഞ നന്ദി രേഖപ്പെടുത്താനും സമരസമിതി മറന്നില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ തീരുമാനം അനുകൂലമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.