താമരശ്ശേരി ചുരം; ഗതാഗതക്കുരുക്ക് പരിഹരിക്കണമെങ്കില്‍ റോഡിന്റെ വീതി കൂട്ടണം
ഇതിനായി വനഭൂമി കിട്ടാനുള്ള കാലതാമസമാണ് ചുരത്തിലെ റോഡ് വികസനം നീണ്ടുപോകുന്നത്
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മാര്‍ഗ്ഗമായി ചൂണ്ടിക്കാട്ടുന്നത് ഹെയര്‍പിന്‍ വളവുകളില്‍ ഇന്റര്‍ ലോക്ക് പതിക്കുകയാണ്. ഇന്റര്‍ലോക്ക് പതിക്കണമെങ്കില്‍ വളവുകളില്‍ റോഡിന്റെ വീതി കൂട്ടണം . ഇതിനായി വനഭൂമി കിട്ടാനുള്ള കാലതാമസമാണ് ചുരത്തിലെ റോഡ് വികസനം നീണ്ടുപോകുന്നത്.
വനത്തിലൂടെ തണുപ്പനുഭവിച്ചറിഞ്ഞുള്ള യാത്രയാണ് ചുരത്തിന്റെ മനോഹാരിത. ഈ ആസ്വാദനത്തെ തടസ്സപ്പെടുത്തുന്നത് വീതിയില്ലാത്ത റോഡും റോഡിലെ കുണ്ടും കുഴിയുമാണ്. ഹെയര്‍പിന്‍ വളവുകളിലെ വീതി കൂട്ടിയാല്‍ ചുരത്തിലെ ഗതാഗതകുരുക്ക് ഇല്ലാതാക്കാം. ഇതിനായി ഇരുവശവുമുള്ള വനഭൂമി വിട്ടു കിട്ടണം. ദേശീയ പാതയില്‍ അടിവാരം മുതല്‍ ലക്കിടി വരെയുള്ള 2.26 ഏക്കര്‍ വനഭൂമിയാണ് വിട്ട് കിട്ടേണ്ടത്. ഇതിനായി 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. ഭൂമി കൈമാറുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ. ആവശ്യമായ സ്ഥലം അതിര്‍ത്തി നിര്‍ണ്ണയിച്ച് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിക്കണം. ഒരു ഏക്കറിന് ഒമ്പതര ലക്ഷം രൂപ നിരക്കില്‍ 2.26 ഏക്കര്‍ ഭൂമിയുടെ വില നല്കണം. മുറിച്ച് മാറ്റുന്ന മരങ്ങളുടെ ഇരട്ടി മരങ്ങള്‍ നട്ട് പിടിപ്പിക്കാനുള്ള തുക കെട്ടിവെയ്ക്കണം. ഈ നിബന്ധനകളെല്ലാം പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു ഫയല്‍ കൈമാറിയിട്ടുണ്ട്. ഇത് പ്രകാരം ആവശ്യമായ സ്ഥലം രേഖപ്പെടുത്തി മരങ്ങളില്‍ നമ്പറിടുന്ന പ്രവൃത്തി വരെ നടന്നു. രണ്ട് മാസം മുമ്പ് വനം വകുപ്പ് ഈ രേഖകളെല്ലാം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരു ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്.അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.