പടയൊരുക്കത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി സോളാര്‍ കേസ്
സോളാര്‍ റിപ്പോര്‍ട്ടിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടാനും ഉമ്മന്‍ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിക്കാനുമാണ് പ്രാസംഗികരെല്ലാം ശ്രമിക്കുന്നത്.
രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയിലെ പ്രധാന ചര്‍ച്ചാ വിഷയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. സോളാര്‍ റിപ്പോര്‍ട്ടിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടാനും ഉമ്മന്‍ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിക്കാനുമാണ് പ്രാസംഗികരെല്ലാം ശ്രമിക്കുന്നത്.
കാസര്‍കോട് നിന്ന് തുടങ്ങിയ പടയൊരുക്കം കോഴിക്കോട് പിന്നിട്ടപ്പോഴാണ് സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത്. റിപ്പോര്‍ട്ട് സഭയില്‍ വെച്ച നവംബര്‍ ഒന്‍പതിന് ജാഥക്ക് അവധി നല്‍കി ചെന്നിത്തല തിരുവനന്തപുരത്ത് എത്തി. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്ന് തൊട്ടടുത്ത ദിവസം പടയൊരുക്കം ജാഥ മലപ്പുറത്ത് നിന്ന് പുനരാരംഭിച്ചു. കൊണ്ടോട്ടിയിലെ ആദ്യ സ്വീകരണ വേദി മുതല്‍ സോളാര്‍ റിപ്പോര്‍ട്ട് ജാഥയുടെ പ്രധാന വിഷയമായി മാറി. റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ എ പി അനില്‍കുമാര്‍ എംഎല്‍എ ജാഥയില്‍ സജീവമായി പങ്കെടുത്തു.
അതിനിടെ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് സോളാര്‍ റിപ്പോര്‍ട്ടിനെ തള്ളുകയും ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പടയൊരുക്കം ജാഥ സോളാര്‍ റിപ്പോര്‍ട്ടിന്‍റെ നിഴലില്‍ ആയെങ്കിലും മലപ്പുറം ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനപങ്കാളിത്തം ദൃശ്യമായി.